Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 വർഷം കൊണ്ട് 6.5 കോടി തൊഴിൽ സൃഷ്ടിക്കാൻ വാഹന വ്യവസായം

HYUNDAI MOTOR-OUTLOOK/

അടുത്ത ദശാബ്ദത്തോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന(ജി ഡി പി)ത്തിന്റെ 12% സംഭാവന ചെയ്യാൻ രാജ്യത്തെ വാഹന വ്യവസായത്തിനു കഴിയുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ കെനിചി അയുകാവ. 10 വർഷത്തിനിടെ ആറര കോടി തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനും വാഹന നിർമാണ മേഖലയ്ക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യയുടെ ജി ഡി പിയുടെ 7.1% ആണു വാഹന നിർമാണ മേഖല സംഭാവന ചെയ്യുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 3.2 കോടിയോളം തൊഴിലവസരങ്ങളും ഇന്ത്യൻ വാഹന വ്യവസായം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ വാഹന നിർമാതാക്കൾ ഇന്ത്യയിൽ 3500 കോടിയോളം ഡോളറി(ഏകദേശം 2,37,659 കോടി രൂപ)ന്റെ നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് അയുകാവ വെളിപ്പെടുത്തി.

വാഹന നിർമാതാക്കളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം അതതു സമൂഹങ്ങളോടുള്ള ഉത്തരവാദിത്തവും വർധിക്കുന്നുണ്ട്. സുസ്ഥിരവും എല്ലാവർക്കും പ്രയോജനപ്രദവുമായ സാമൂഹിക — സാമ്പത്തിക പരിസ്ഥിതി വികസിപ്പിക്കുകയാണു ദൗത്യമെന്നും അദ്ദേഹം വിശദീകരിച്ചു. വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്കായി നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, അന്തരീക്ഷ മലിനീകരണം, ആഗോളതാപനം, റോഡ് അപകടം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ വാഹന വ്യവസായത്തിനു വളർച്ച കൈവരിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോളതലത്തിലെ ആദ്യ മൂന്നു വാഹന വിപണികളിൽ ഒന്നായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടേണ്ടത്. സുരക്ഷിതവും കാര്യക്ഷമമവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ നിർമിച്ചാൽ മാത്രമേ ഇതു സാധ്യമാവൂ എന്നും അയുകാവ വ്യക്തമാക്കി. വിവേകമുള്ള ലൈസൻസിങ് വ്യവസ്ഥകൾ കർശനമായി നടപ്പക്കിയില്ലെങ്കിൽ ഡ്രൈവിങ് പരിശീലനം നൽകാനുള്ള വാഹന വ്യവസായത്തിന്റെ ശ്രമങ്ങൾ ഫലം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോർപറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച് കമ്പനി നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിലെത്തുംമുമ്പു തന്നെ വാഹന വ്യവസായ മേഖലയിലെ വിവിധ നിർമാതാക്കൾ സ്വന്തം നിലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: