Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെത്തും മുമ്പ് ഇന്ത്യൻ കമ്പനികൾ ഇറാനുള്ള കടം വീട്ടുന്നു

Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനത്തിനു മുന്നോടിയായി ആ രാജ്യത്തു നിന്ന് അസംസ്കൃത എണ്ണ വാങ്ങിയ വകയിലുള്ള കടബാധ്യത വീട്ടാൻ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികൾ നടപടി തുടങ്ങി. ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ വിലയായി 640 കോടി ഡോളർ (ഏകദേശം 43151.97 കോടി രൂപ) ആണ് പൊതുമേഖല സ്ഥാപനങ്ങളായ മാംഗ്ലൂർ റിഫനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡും(എം ആർ പി എൽ) ഇന്ത്യൻ ഓയിൽ കോർപറേഷനും(ഐ ഒ സി) നൽകാനുള്ളത്.  എണ്ണ വില യൂറോയായി വേണമെന്ന ഇറാന്റെ ആവശ്യം അംഗീകരിച്ച് എം ആർ പി എൽ 50 കോടി ഡോളറും(3371.25 കോടിയോളം രൂപ) ഇന്ത്യൻ ഓയിൽ 25 കോടി ഡോളറും(1685.62 കോടി രൂപ) കൈമാറിയെന്നാണു സൂചന. എണ്ണ വിലയിലെ അവശേഷിക്കുന്ന തുകയും തവണകളായി അടയ്ക്കാൻ ഇരുകമ്പനികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ കമ്പനിയായ എസ്സാർ ഓയിൽ ഇറാന് 50 കോടി ഡോളർ(3371.25 കോടി രൂപ) നൽകാനുണ്ട്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് എം ആർ പി എല്ലും ഇന്ത്യൻ ഓയിലും ഇറാനു നൽകാനുള്ള എണ്ണ വിലയിലൊരു ഭാഗം കൈമാറിയത്. ബാങ്ക് ഈ പണം ഹൽക്ബാങ്ക് ഓഫ് തുർക്കി മുഖേന നാഷനൽ ഇറാനിയൻ ഓയിൽ കമ്പനി(എൻ ഐ ഒ സി)ക്കു നൽകി. ഇന്ത്യൻ കമ്പനികൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഡോളർ ആയി അടച്ചു തുക ബാങ്ക് യൂറോയിലേക്കു മാറ്റി ഇറാനു കൈമാറുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ഈ പണമിടപാടുകൾ നടക്കുന്നത്.  ആണവ പരീക്ഷണത്തിന്റെ പേരിൽ ഇറാനു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കഴിഞ്ഞ ജനുവരിയിൽ വിവിധ ലോക രാഷ്ട്രങ്ങൾ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണ വില യൂറോയിൽ നൽകണമെന്ന് ഇറാൻ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച് ഇന്ത്യൻ കമ്പനികൾ നടത്തുന്ന ആദ്യ സാമ്പത്തിക ഇടപാടാണിത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ടെഹ്റാനിലെത്തുന്നുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വസനീയ ബാങ്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം മോദിയുടെ സന്ദർശനവേളയിൽ സജീവചർച്ചയാവുമെന്നാണു പ്രതീക്ഷ. ഉപരോധത്തെ തുടർന്ന് ബാങ്കിങ് ചാനലുകൾ ലഭ്യമാവാത്തതിനാൽ 2013 ഫെബ്രുവരി മുതൽ ഇന്ത്യൻ കമ്പനികൾ എണ്ണ വിലയുടെ പകുതി രൂപ അടിസ്ഥാനത്തിലാണ് അടച്ചിരുന്നത്. പെയ്മെന്റ് മാർഗങ്ങൾ തുറന്നു കിട്ടുന്ന മുറയ്ക്ക് ബാക്കി പണം അടയ്ക്കാമെന്നായിരുന്നു കരാർ. നിലവിൽ ഇറാനുമായി 640 കോടി ഡോളറിന്റെ ബാധ്യതയാണ് ഇന്ത്യൻ കമ്പനികൾക്കുള്ളത്. ഇതിൽ 260 കോടി ഡോളർ എം ആർ പി എല്ലിന്റെയും 56 കോടി ഡോളർ ഐ ഒ സിയുടെയും വിഹിതമാണ്. എസ്സാർ ഓയിൽ ഇറാന് 260 കോടി ഡോളർ നൽകാനുള്ളപ്പോൾ എച്ച് പി സി എൽ — മിത്തൽ എനർജി ലിമിറ്റഡിന്റെ ബാധ്യത ആറു കോടിയോളം ഡോളർ ആണ്.
 

Your Rating: