Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വിൽപ്പന: ജർമനിയെ പിന്തള്ളാനൊരുങ്ങി ഇന്ത്യ

Buying a new car

അടുത്ത വർഷത്തോടെ വാഹന വിൽപ്പനയിൽ ജർമനിയെ പിന്തള്ളി ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്താൻ സാധ്യതയേറി. 2001ൽ 16 നിർമാതാക്കളുമായി ലോകത്തു 16—ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണു 16 വർഷത്തിനകം ഈ മുന്നേറ്റം നടത്തുകയെന്നു ലണ്ടൻ ആസ്ഥാനമായ കൺസൽറ്റൻസിയായ ഐ എച്ച് എസ് മാർക്കിറ്റ് പ്രവചിക്കുന്നു. നിലവിൽ മുപ്പത്തഞ്ചോളം കാർ, ലഘുവാണിജ്യ വാഹന(എൽ സി വി) നിർമാതാക്കളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ എണ്ണം 55 ആയി ഉയരുമെന്നാണു പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയ്ക്ക് ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യൻ വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയാവട്ടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സിനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഐ എച്ച് എസിന്റെ കണക്കുകൂട്ടൽ പ്രകാരം 2017ൽ 38 ലക്ഷം യാത്രാവാഹനങ്ങളാവും ഇന്ത്യയിൽ വിറ്റുപോവുക; 2016ൽ പ്രതീക്ഷിക്കുന്ന വിൽപ്പന 33 ലക്ഷം യൂണിറ്റാണ്. അതേസമയം ജർമനിയിലെ വിൽപ്പനയാവട്ടെ ഇക്കൊല്ലത്തെ 36.20 ലക്ഷം യൂണിറ്റിൽ നിന്ന് 36.40 ലക്ഷം യൂണിറ്റായിട്ടാവും വർധിക്കുകയെന്നും ഐ എച്ച് എസ് കരുതുന്നു. അതിവേഗ വളർച്ച കൈവരിക്കുന്ന സമ്പദ്വ്യവസ്ഥയും യഥേഷ്ടം ധനലഭ്യതയും വർധിക്കുന്ന തൊഴിൽ അവസരങ്ങളുമൊക്കെയാണ് ഇന്ത്യയിലെ കാർ വിൽപ്പനയ്ക്കു തുണയാവുക. അടുത്ത വർഷത്തോടെ വിൽപ്പന കണക്കെടുപ്പിൽ ഇന്ത്യ ലോകത്ത് ആദ്യ നാലു സ്ഥാനത്തിലൊന്നു സ്വന്തമാക്കുമ്പോൾ കാറുകളുടെ ശരാശരി വില കുറവുള്ള രാജ്യം ഈ പദവി കൈവരിക്കുന്നെന്ന സവിശേഷതയുമുണ്ടാവും. നിലവിൽ ആദ്യ നാലിലുള്ള വിപണികളിൽ വലിയ കാറുകളോടാണു പ്രതിപത്തി; ചെറുകാറുകൾ വാഴുന്ന ജപ്പാൻ മാത്രമാണു വേറിട്ടു നിൽക്കുന്നതെന്ന് ഐ എച്ച് എസ് വിശദീകരിക്കുന്നു.

മാത്രമല്ല, 2020 ആകുമ്പോഴേക്ക് ജപ്പാനെയും ഇന്ത്യ പിന്തള്ളുമെന്നാണ് ഐ എച്ച് എസിന്റെ കണക്കുകൂട്ടൽ. ഇതോടെ കാർ വിൽപ്പനയിൽ ചൈനയും യു എസും മാത്രമാവും ഇന്ത്യയ്ക്കു മുന്നിൽ. അപ്പോഴേക്ക് 39 കാർ നിർമാതാക്കൾ ഇന്ത്യയിൽ നിർമാണവും കയറ്റുമതിയുമൊക്കെ നടത്തുന്നുണ്ടാവും. കാർ നിർമാണത്തിലും ഇന്ത്യ ഇപ്പോഴത്തെ ആറാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്കു മുന്നേറുമെന്നാണു പ്രതീക്ഷ; ഇതോടെ യു എസും ചൈനയും ജപ്പാനുമാവും ഇന്ത്യയ്ക്കു മുന്നിൽ.  

Your Rating: