Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ പെട്രോളിയം ഇറക്കുമതി നിലയ്ക്കുമെന്ന് ഗഢ്കരി

nitin-gadkari

ബദൽ ഇന്ധന സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ വൈകാതെ ഇന്ത്യ പെട്രോളിയം ഇറക്കുമതി വിമുക്തമാവുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. പെട്രോളിയം ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലാത്ത രാജ്യമായി ഇന്ത്യയെ വികസിപ്പിക്കുകയാണു ലക്ഷ്യയമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രിയായ ഗഢ്കരി വ്യക്തമാക്കി. എതനോൾ, മെതനോൾ, ബയോ സി എൻജി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഗ്രാമീണ, കാർഷിക മേഖലകളെ കരുത്താർജിക്കാൻ സഹായിക്കുമെന്നും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ലോക വിപണികളിൽ അസംസ്കൃത എണ്ണ വില താഴ്ന്ന നിലവാരത്തിലാണെങ്കിലും പെട്രോളിയം ഇറക്കുമതിക്കുള്ള ഇന്ത്യയുടെ വാർഷിക ചെലവ് നാലര ലക്ഷം കോടിയോളം രൂപയാണ്. നേരത്തെ പെട്രോളിയം ഇറക്കുമതിക്കായി ഏഴര ലക്ഷം കോടി രൂപ ചെലവഴിച്ചിരുന്ന സ്ഥാനത്താണിതെന്നും മെതനോൾ സമ്പദ്വ്യവസ്ഥയെപ്പറ്റി നീതി ആയോഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ ഗഢ്കരി വെളിപ്പെടുത്തി. ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വളർച്ച കൈവരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ കൃഷി, മുള, അധികമുള്ള കൽക്കരി, വൈദ്യുതി എന്നിവയിലൊക്കെ നേട്ടം കൊയ്യാവുന്ന സുവർണാവസരമാണിതെന്നും ഗഢ്കരി അഭിപ്രായപ്പെട്ടു. കൃഷിയിൽ വൈവിധ്യവൽക്കരണം കൈവരിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദർഭ മേഖലയിൽ പതിനായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തു എന്നതു യാഥാർഥ്യമാണെങ്കിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മാറ്റിയെഴുതാൻ കൃഷിക്കുള്ള കഴിവിനെ സംശയിക്കേണ്ടതില്ലെന്നു ഗഢ്കരി വിശദീകരിച്ചു.

സാമൂഹിക — സാമ്പത്തിക സ്ഥിതി മേശമാണെന്നതും കൃഷി ഒട്ടേറെ വെല്ലുവിളി നേരിടുന്നു എന്നതുമൊക്കെ വസ്തുതകളാണ്. എന്നാൽ ബദൽ ഇന്ധന സമ്പദ്വ്യവസ്ഥയുടെ വരവ് സാമൂഹിക — സാമ്പത്തിക സ്ഥിതിയിൽ മാത്രമല്ല ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും വൻ മാറ്റങ്ങൾക്കു വഴി തെളിക്കും. ഗ്രാമീണ, കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ജീവൻ രക്ഷിക്കാനുതകുന്ന രീതിയിൽ രാജ്യത്തിന്റെ ആസൂത്രണം മാറണം. എതനോൾ നിർമാണത്തിനാവശ്യമുള്ള ബയോമാസ്, പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചിയിൽ നിന്നും കരിമ്പിൻചണ്ടിയിൽ നിന്നും കണ്ടെത്താനാവും. പട്ടണങ്ങളിലെ മാലിന്യത്തിൽ നിന്നു പോലും എതനോൾ ഉൽപ്പാദിപ്പിക്കാനാവുമെന്ന് ഗഢ്കരി ഓർമിപ്പിച്ചു. മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ള ശ്രമത്തിൽ എതനോളും ബയോഗ്യാസുമൊക്കെ ഉൽപ്പാദിപ്പിച്ചാൽ രാജ്യത്തിനു ലാഭമാവുക പ്രതിവർഷം അഞ്ചു ലക്ഷം കോടിയോളം രൂപയാണ്.

യൂറോപ്പിൽ ബയോമാസിൽ നിന്നാണ് എതനോൾ നിർമിക്കുന്നത്. ഒരു ടൺ വൈക്കോലിൽ നിന്ന് 400 ലീറ്റർ എതനോൾ നിർമിക്കാനാവും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാവട്ടെ മുളയിൽ നിന്നും എതനോൾ നിർമാണം സാധ്യമാവും. ഹരിയാനയിലും മറ്റും കൊയ്ത്തിനു ശേഷം ഗോതമ്പ് പാടങ്ങളിൽ തീയിടുന്നതു പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കാറുണ്ട്. പകരം ഈ കച്ചിയിൽ നിന്നും എതനോളം ഉൽപ്പാദിപ്പിക്കാം. നഗരങ്ങളിലെ ജൈവ മാലിന്യം ഉപയോഗിച്ചും ജൈവ ഇന്ധന നിർമാണം സാധ്യമാവുമെന്ന് ഗഢ്കരി അഭിപ്രായപ്പെട്ടു.  

Your Rating: