Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന നിലവാരം: ഇന്ത്യ ബി എസ് ആറിലേക്ക്

fuel-pump

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനായി രാജ്യത്ത് വിൽക്കുന്ന ഇന്ധനങ്ങൾക്ക് 2020ൽ യൂറോ ആറ് നിലവാരം കൈവരിക്കാൻ നീക്കം. പെട്രോളിലും ഡീസലിലും യൂറോ അഞ്ച്(അഥവാ ഭാരത് സ്റ്റേജ് അഞ്ച്) നിലവാരം ഒഴിവാക്കി നേരിട്ട് യൂറോ ആറി(ഭാരത് സ്റ്റേജ് ആറ്)ലേക്കു മുന്നേറാനാണു തീരുമാനമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. യൂറോ അഞ്ചും ആറുമായി കാര്യമായ വ്യത്യാസമില്ലാത്തതിനാൽ 2020 ആകുമ്പോഴേക്ക് ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യൂറോ മൂന്നിനു തുല്യമായ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ഇന്ധനങ്ങളാണു നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. പ്രധാന നഗരങ്ങളിലാവട്ടെ യൂറോ നാല്(ഭാരത് സ്റ്റേജ് നാല്) നിലവാരമുള്ള ഇന്ധനവിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഈ ഏപ്രിലോടെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനം കൂടുതൽ നഗരങ്ങളിൽ വിൽപ്പനയ്ക്കെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2017 ഏപ്രിലോടെ രാജ്യവ്യാപകമായി തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനവിൽപ്പന തുടങ്ങും. തുടർന്ന് 2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഭാരത് സ്റ്റേജ് അഞ്ച് നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനായിരുന്നു മുൻ തീരുമാനം.

എന്നാൽ ഇതിനു പകരം ഇന്ത്യ ഭാരത് സ്റ്റേജ് അഞ്ച് ഒഴിവാക്കി ഭാരത് സ്റ്റേജ് ആറിലേക്കു മുന്നേറുകയെന്നു മന്ത്രി പ്രധാൻ വിശദീകരിച്ചു. ഇതുവഴി എണ്ണ ശുദ്ധീകരണശാലകളെ ആദ്യം ബി എസ് അഞ്ച് നിലവാരത്തിലേക്കും തുടർന്ന് ബി എസ് ആറ് നിലവാരത്തിലേക്കും ഉയർത്താനുള്ള ചെലവ് ഒഴിവാക്കാനാവുമെന്നും അദ്ദേഹം കരുതുന്നു. 2020നകം പെട്രോളിന്റെയും ഡീസലിന്റെയും നിലവാരം ഭാരത് സ്റ്റേജ് ആറിലെത്തിക്കാൻ 80,000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണു കണക്ക്.

നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനത്തിൽ സൾഫറിന്റെ അളവ് 50 പാർട്സ് പെർ മില്യൻ(പി പി എം) ആണ്. അതേസമയം ബി എസ് അഞ്ചിലും ബി എസ് ആറിലും അനുവദനീയമായ സൾഫറിന്റെ അളവ് വെറും 10 പി പി എം ആണ്. നേരത്തെ 55,000 കോടിയോളം രൂപ ചെലവിട്ടാണ് രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകൾ ഭാരത് സ്റ്റേജ് മൂന്നും നാലും നിലവാരമുള്ള ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ സജ്ജമായത്. നാലു വർഷത്തിനപ്പുറം ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാൻ വിവിധ എണ്ണ കമ്പനികൾ വീണ്ടും 80,000 കോടി രൂപ കൂടി മുടക്കേണ്ടി വരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.