Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ഫോക്സ്‌വാഗൻ ‘വെന്റോ’ അർജന്റീനയിലേക്ക്

Volkswagen Vento

ദക്ഷിണ അമേരിക്കൻ രാജ്യമായ അർജന്റീനയിലേക്ക് ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ ഇടത്തരം സെഡാനായ ‘വെന്റോ’ കയറ്റുമതി ആരംഭിച്ചു. ഇന്ത്യയിൽ നിർമിച്ച ‘വെന്റോ’യെ ‘പോളോ’ എന്ന പേരിലാവും ഫോക്സ്വാഗൻ അർജന്റീനയിൽ വിൽക്കുകയെന്ന പ്രത്യേകതയുമുണ്ട്. ഫോക്സ്‌വാഗൻ അർജന്റീനയ്ക്കായി പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിർമിക്കുന്ന കാറിന് കരുത്തേകുക 1.6 ലീറ്റർ പെട്രോൾ എൻജിനാണ്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ അർജന്റീനയിൽ ‘പോളോ’ ലഭിക്കുമെന്നു കമ്പനി അറിയിച്ചു.

Volkswagen Vento

ഏഷ്യയിലും ആഫ്രിക്കയിലും വടക്കൻ അമേരിക്കയിലുമായി ധാരാളം വിപണികളിലേക്ക് ഇന്ത്യയിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നു ഫോക്സ്‌വാഗൻ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ആൻഡ്രിയാസ് ലോർമാൻ അറിയിച്ചു. ഫോക്സ്‌വാഗനു ശക്തമായ സാന്നിധ്യമുള്ള അർജന്റീനയിലേക്ക് ഇന്ത്യയിൽ നിർമിച്ച കാർ കയറ്റുമതി ചെയ്യാൻ അവസരം ലഭിക്കുന്നത് കമ്പനിയുടെ നിർമാണ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അർജന്റീനിയയിലെ കാർ വിപണിയിൽ നേതൃസ്ഥാനത്തുള്ള ഫോക്സ്‌വാഗൻ 22% വിഹിതമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.‘ഇന്ത്യൻ നിർമിത ജർമൻ എൻജിനീയറിങ്ങി’ന് വിദേശത്തു ആവശ്യക്കാരേറെയാണെന്നാണു ഫോക്സ്‌വാഗന്റെ വിലയിരുത്തൽ. 2011ൽ ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു പുണെ ശാലയിൽ നിന്നു ഫോക്സ്‌വാഗൻ ആദ്യമായി കയറ്റുമതി തുടങ്ങിയത്. ഇപ്പോഴാവട്ടെ റെറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുകളുള്ള ‘പോളോ’യും ‘വെന്റോ’യും ഫോക്സ്‌വാഗൻ ഏഷ്യ, ആഫ്രിക്ക, നോർത്ത് അമേരിക്ക മേഖലകളിലെ മുപ്പത്തി അഞ്ചോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.

Vento

വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലേക്കുള്ള ഫോക്സ്‌വാഗൻ ഇന്ത്യയുടെ കാർ കയറ്റുമതിയാവട്ടെ ഒരു ലക്ഷം യൂണിറ്റും പിന്നിട്ടു. മെക്സിക്കോയിലേക്കു കയറ്റുമതി ആരംഭിച്ച് രണ്ടു വർഷത്തിനകമാണ് ഫോക്സ്‌വാഗൻ ഇന്ത്യ ഈ തകർപ്പൻ നേട്ടം കൈവരിച്ചത്. ഹാച്ച്ബാക്കായ ‘പോളോ’യും സെഡാനായ ‘വെന്റോ’യുമാണു ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിന്നു മെക്സിക്കോയിലേക്കു കയറ്റുമതി ചെയ്യുന്നത്. തുടക്കം മുതൽ മെക്സിക്കോയിൽ മികച്ച വിൽപ്പന നേടിയാണു ‘മെയ്ഡ് ഇൻ ഇന്ത്യ’ കാറുകൾ മുന്നേറുന്നത്. പോരെങ്കിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മെക്സിക്കോയിൽ ഏറ്റവുമധികം വിൽപ്പന നേടിയ മൂന്നു കാറുകൾക്കൊപ്പവും ‘വെന്റോ’ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല, മെക്സിക്കോയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഫോക്സ്‌വാഗൻ മോഡലും ‘വെന്റോ’ തന്നെ. കാറുകൾക്കു പുറമെ മലേഷ്യൻ വിപണിക്കായി പ്രാദേശികമായി നിർമിക്കുന്ന കാറുകൾക്ക് ആവശ്യമായ വിവിധ യന്ത്രഭാഗങ്ങളും ഫോക്സ്‌വാഗൻ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.