Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഇറക്കുമതി നയം നേട്ടമായെന്ന് ഇന്ത്യൻ ഓയിൽ

indian-oil

അസംസ്കൃത എണ്ണ ഇറക്കുമതിക്കുള്ള ടെൻഡറിൽ തീരുമാനമെടുക്കാനുള്ള സമയപരിധി പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) പകുതിയാക്കി കുറച്ചു. ക്രൂഡ് ഓയിൽ ഇറക്കുമതിക്കുള്ള നയരൂപീകരണത്തിനുള്ള സ്വാതന്ത്യ്രം കേന്ദ്ര സർക്കാർ കമ്പനികൾക്കു നൽകിയതോടെയാണ് ടെൻഡർ സംബന്ധിച്ച തീരുമാനത്തിനുള്ള കാലതാമസം ഗണ്യമായി കുറഞ്ഞത്.  സ്പോട്ട്, കറന്റ് വിപണികളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച ടെൻഡറിൽ തീരുമാനമെടുക്കാൻ ഇന്ത്യൻ ഓയിൽ മുമ്പ് 26 മണിക്കൂർ സമയമെടുത്തിരുന്നു. എന്നാൽ ഏപ്രിൽ മുതൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കുള്ള നയം സ്വീകരിക്കാനുള്ള സ്വാതന്ത്യ്രം കേന്ദ്ര മന്ത്രിസഭ എണ്ണ കമ്പനികൾക്കു നൽകി. ഇതോടെ 12 മണിക്കൂറിനകം ക്രൂഡ് ഇറക്കുമതിക്കുള്ള ടെൻഡറിൽ തീരുമാനം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. അതുപോലെ പെട്രോളിയം ഉൽപന്ന കയറ്റുമതിക്കുള്ള ടെൻഡറുകളിലാവട്ടെ ഒൻപതു മണിക്കൂറിനകമാണ് ഇപ്പോൾ തീരുമാനം; നേരത്തെ 35 മണിക്കൂർ വരെ വേണ്ട സ്ഥാനത്താണിത്.

മുമ്പ് രണ്ട് എണ്ണ കമ്പനി പ്രതിനിധികളും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനും ഉൾപ്പെട്ട സമിതിയാണ് ക്രൂഡ് ഇറക്കുമതിക്കും പെട്രോളിയം ഉൽപന്ന കയറ്റുമതിക്കുമുള്ള ടെൻഡറുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ ഏപ്രിലിലെ കേന്ദ്ര മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ടെൻഡറിൽ തീരുമാനമെടുക്കുന്നത് എണ്ണ കമ്പനികളുടെ ആഭ്യന്തര കാര്യമായി മാറി; ഇതോടെ തീരുമാനം വേഗത്തിലുമായി.
ആഗോള എണ്ണ വിപണികളിൽ ലഭ്യത വർധിച്ചതോടെ പൊതുമേഖല എണ്ണ കമ്പനികൾക്കു കുറഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭിക്കാൻ അവസരങ്ങളുണ്ട്. ഒപ്പം നയത്തിലെ വ്യവസ്ഥകൾ മൂലം ലോക വിപണിയിലെ പരിമിതമായ കമ്പനികളുമായി മാത്രമായിരുന്നു ഇടപാട് നടത്താൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവസരം.

അതുപോലെ ടെൻഡർ സംബന്ധിച്ച തീരുമാനം വൈകുന്നത് എണ്ണ വിലയിടിവിന്റെ നേട്ടം പലപ്പോഴും നഷ്ടമാവാനും ഇടയാക്കിയിരുന്നു.  എന്നാൽ പുതിയ നയം നിലവിൽ വന്നതോടെ പൊതു മേഖല എണ്ണ കമ്പനികളുടെ ടെൻഡർ നടപടി റിലയൻസ് ഇൻഡസ്ട്രീസും എസ്സാർ ഓയിലും പോലുള്ള സ്വകാര്യ കമ്പനികളുടേതിനു സമാനമായിട്ടുണ്ട്. തീരുമാനമെടുക്കാൻ സ്വാതന്ത്യ്രം ലഭിച്ചെങ്കിലും ടെൻഡർ തീരുമാനിക്കാനുള്ള നടപടികളിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെയും മറ്റും മാർഗനിർദേശങ്ങൾ പാലിക്കാൻ എണ്ണ കമ്പനികൾ ബാധ്യസ്ഥരാണ്.  

Your Rating: