Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗപട്ടണം റിഫൈനറി വികസനത്തിന് 37,774 കോടി രൂപ

Refinery Representative Image

ഇറാനു കൂടി പങ്കാളിത്തമുള്ള എണ്ണ ശുദ്ധീകരണ ശാലയുടെ ശേഷി വർധിപ്പിക്കാനായി 550 കോടി ഡോളർ(ഏകദേശം 37,774 കോടി രൂപ) നിക്ഷേപിക്കാൻ പൊതുമേഖല കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരുങ്ങുന്നു. ഇന്ത്യൻ ഓയിലിന്റെ ഉപസ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപറേഷന്റെ നിയന്ത്രണത്തിലുള്ള നാഗപട്ടണം റിഫൈനറിയുടെ ശുദ്ധീകരണ ശേഷി പ്രതിദിനം മൂന്നു ലക്ഷം ബാരലായി ഉയർത്താനാണു തീരുമാനമെന്ന് ഇരുകമ്പനികളുടെയും ചെയർമാനായ ബി അശോക് അറിയിച്ചു. ദക്ഷിണേന്ത്യയിലെ വർധിച്ച ആവശ്യം മുൻനിർത്തി ശുദ്ധതയേറിയതും ഉയർന്ന ഗ്രേഡുള്ളതുമായ ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിനായാണ് നാഗപട്ടണം റിഫൈനറി നവീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തമിഴ്നാട്ടിൽ ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു രണ്ടു ശുദ്ധീകരണശാലകളുണ്ട്; ഇവയിൽ ഇറാനിലെ നാഫ്റ്റിറാൻ ഇന്റർട്രേഡ് കമ്പനി ലിമിറ്റഡിന് 15.4% ഓഹരി പങ്കാളിത്തവുമുണ്ട്. വികസനത്തിന്റെ ആദ്യ ഘട്ടത്തിൽ നാഗപട്ടണം റിഫൈനറിയുടെ ശുദ്ധീകരണ ശേഷി പ്രതിദിനം 1.20 — 1.80 ലക്ഷം ബാരലായി ഉയർത്തുമെന്ന് അശോക് അറിയിച്ചു. അടുത്ത ഘട്ടത്തിലാണു ശേഷി പ്രതിദിനം മൂന്നു ലക്ഷം ബാരലിലെത്തിക്കുക. വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്നതാണു നാഗപട്ടണം റിഫൈനറിക്കു നേട്ടമായത്. ചെന്നൈ പെട്രോളിയത്തിന്റെ തന്നെ മനാലി റിഫൈനറിയുടെ ശുദ്ധീകരണ ശേഷി പ്രതിദിനം 2.10 ലക്ഷം ബാരലാണ്.

ഇതിനു പുറമെ 2022നകം രാജ്യത്ത് 50,000 കോടി ഡോളർ(ഏകദേശം 34.24 ലക്ഷം കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും രാജ്യത്തെ പൊതുമേഖല എണ്ണ വിപണന കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരുങ്ങുന്നുണ്ട്. ഇതോടെ കമ്പനിയുടെ മൊത്തം ശുദ്ധീകരണ ശേഷി 30% ഉയരുമെന്നാണു പ്രതീക്ഷ. ഉത്തരേന്ത്യയിലെ പാണിപത് റിഫൈനറിയുടെ ശേഷി പ്രതിദിനം നാലു ലക്ഷം ബാരലിൽ നിന്ന് അഞ്ചു ലക്ഷം ബാരലായി ഉയർത്താനും ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നുണ്ട്.  

Your Rating: