Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിൽ വൻവർധന

oil

ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ജൂലൈയിലെ അസംസ്കൃത എണ്ണ ഇറുക്കുമതിയിൽ 20 ശതമാനത്തോളം വർധന; കഴിഞ്ഞ അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുമാണ് ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. വർഷങ്ങൾക്കു ശേഷം പൊതുമേഖല എണ്ണ കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഇറാൻ എണ്ണ വാങ്ങി തുടങ്ങിയതോടെയാണ് ഇറക്കുമതി വർധിച്ചത്.

കഴിഞ്ഞ മാസം പ്രതിദിനം ശരാശരി 4.61 ലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണിലെ ഇറക്കുമതിയെ അപേക്ഷിച്ച് 21% അധികമാണിത്. 2015 ജൂലൈയിൽ ഇറാൻ ക്രൂഡ് ഇറക്കുമതി പ്രതിദിനം ശരാശരി 2.15 ലക്ഷം ബാരൽ മാത്രമായിരുന്നു.
നടപ്പൂ സാമ്പത്തിക വർഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽവൻ വർധനയാണു പ്രതീക്ഷിക്കുന്നത്. എച്ച് പി സി എല്ലിനും ബി പി സി എല്ലിനുമൊപ്പം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ കൂടി ചേർന്ന് ഇറാനിൽ നിന്നു പ്രതിദിനം ശരാശരി നാലു ലക്ഷം ബാരൽ വീതമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ഇറാനിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലെത്തുമെന്നാണു പ്രതീക്ഷ.

ഇറാന്റെ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കാണ് ഇന്ത്യൻ പൊതുമേഖല എണ്ണ ശുദ്ധീകരണകമ്പനികളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള എച്ച് പി സി എല്ലും ബി പി സി എല്ലും ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്താൻ ഇടയാക്കിയത്. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ശുദ്ധീകരിക്കുന്ന പ്ലാന്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. ഇതോടെ 2011 നവംബറിലാണു ബി പി സി എൽ അവസാനമായി ഇറാനിയൻ ക്രൂഡ് ഇറക്കുമതി ചെയ്തത്; എച്ച് പി സി എല്ലാവട്ടെ 2013 മേയ് വരെ ഇറാനിൽ നിന്നു ക്രൂഡ് ഇറക്കുമതി തുടർന്നിരുന്നു.

ഇക്കൊല്ലത്തിന്റെ ആദ്യ ആറുമാസക്കാലത്ത് ഇറാനിൽ നിന്ന് പ്രതിദിനം 3.59 ലക്ഷം ബാരൽ വീതമാണ് ഇറക്കുമതി ചെയ്തത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 67% അധികമാണിത്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലു മാസക്കാലത്താവട്ടെ ഇറാനിൽ നിന്നുള്ള എണ്ണ വരവ് പ്രതിദിനം 4.04 ലക്ഷം ബാരലോളമായി ഉയർന്നു. കഴിഞ്ഞ വർഷം ഏപ്രിൽ — ജൂലൈ കാലത്ത് പ്രതിദിനം 2.83 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്താണിത്. ജൂലൈയിൽ ഇറാനിൽ നിന്ന് ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്തത് ഐ ഒ സി തന്നെ; പ്രതിദിനം 1.58 ലക്ഷം ബാരൽ. പ്രതിദിനം 1.263 ലക്ഷം ബാരൽ ഇറക്കുമതിയുമായി സ്വകാര്യ മേഖലയിലെ എസ്സാർ ഓയിൽ ആണു രണ്ടാം സ്ഥാനത്ത്.  

Your Rating: