Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഷുറൻസ്: സ്പെയർ പാർട്സ് വിലയിൽ കുറവു വരുത്താൻ പാടില്ല

insurance

അപകടത്തിൽ തേഡ് പാർട്ടിയുടെ വാഹനത്തിനുണ്ടായ നഷ്ടത്തിന് ഇൻഷുറൻസ് അവകാശപ്പെടുമ്പോൾ വാഹന അറ്റകുറ്റപ്പണിക്കു സ്പെയർ പാർട്ടുകൾക്കു ചെലവാകുന്ന യഥാർഥ തുക കിട്ടാൻ അർഹതയുണ്ടെന്നു ഹൈക്കോടതി ഫുൾബെഞ്ച് വിധിച്ചു. വാഹനത്തിന്റെ മൂല്യശോഷണം കണക്കിലെടുത്ത് സ്പെയർ പാർട്സ് വിലയിൽ കുറവു വരുത്താൻ പാടില്ലെന്നു കോടതി വ്യക്തമാക്കി. ‘‘ആരും പഴയ സ്പെയർ പാർട്സ് ഉപയോഗിച്ച് അറ്റകുറ്റപ്പണി ചെയ്യാറില്ല. വാഹനം നിരത്തിലിറക്കണമെങ്കിൽ പുതിയ സ്പെയർ പാർട്സ് തന്നെ വാങ്ങി ഘടിപ്പിക്കേണ്ടി വരും. അതിനാൽ സ്പെയർ പാർട്സിന്റെ യഥാർഥ വിലയിൽ പിന്നെയും കുറവു വരുത്തുന്നത് ഒരാൾക്കുണ്ടാകുന്ന യഥാർഥ നഷ്ടത്തിൽ നിന്നു തുക കുറയ്ക്കുന്ന ഫലമുണ്ടാക്കും. ഇത് അനുവദനീയമല്ല. പഴയ വാഹനമായാലും പുതിയ സ്പെയർ പാർട്സ് വയ്ക്കുന്നതോടെ ഉപയുക്തത കൂടി എന്നൊരു എതിർവാദമുണ്ടാകാം. എന്നാൽ, അപകടത്തിനു മുൻപ് ഉപയോഗിച്ച സ്ഥിതിയിലേക്കു വാഹനം പുനഃസ്ഥാപിക്കണമെങ്കിൽ അതു മാത്രമേ വഴിയുള്ളൂ’’– കോടതി വ്യക്തമാക്കി.

അപകടത്തിൽ തന്റെ കാറിനുണ്ടായ നാശത്തിന് പാലാ എംഎടിസി 2012ൽ വിധിച്ച നഷ്ടപരിഹാരം കൂട്ടിക്കിട്ടാൻ എം.എം.ജോസഫ് സമർപ്പിച്ച അപ്പീൽ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചിന്റെ ഉത്തരവ്. 2009ലുണ്ടായ അപകടത്തിൽ കാറിന് 5.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സർവേയർ കണക്കാക്കി. വാഹനത്തിന്റെ മൂല്യശോഷണം ബാധകമാക്കിയ ശേഷം അറ്റകുറ്റപ്പണിച്ചെലവിനത്തിൽ 4.14 ലക്ഷം രൂപ നഷ്ടപരിഹാരം നിർണയിച്ച് സർവേയർ റിപ്പോർട്ട് നൽകി. എന്നാൽ, സർവേയർ തിട്ടപ്പെടുത്തിയതിന്റെ 35% കുറച്ചുള്ള തുകയാണു പാലാ എംഎസിടി നഷ്ടപരിഹാരം വിധിച്ചത്. സർവേയർ നിശ്ചയിച്ച നഷ്ടപരിഹാര തുക ആവശ്യപ്പെട്ടാണ് അപ്പീൽ. ഈ വിഷയത്തിൽ കേരള, കർണാടക ഹൈക്കോടതികളുടെ വിധികൾ പരസ്പര വിരുദ്ധമായ സാഹചര്യത്തിൽ നിയമപ്രശ്നത്തിൽ വ്യക്തത തേടിയാണു കേസ് ഫുൾബെഞ്ചിനു റഫർ ചെയ്തത്. ഉപയോഗിച്ച സ്പെയർപാർട്സിന്റെ യഥാർഥ വില കിട്ടാൻ ക്ലയിമന്റിന് അർഹതയുണ്ടെന്നു ഫുൾബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരത്തിന്റെ ലക്ഷ്യവും യുക്തിയും പരിഗണിക്കണം.

വാഹനം അറ്റകുറ്റം തീർത്ത് റോഡിലിറക്കാവുന്ന രൂപത്തിലാക്കാൻ വേണ്ടിയാണു നഷ്ടപരിഹാരം നൽകുന്നത്. അറ്റകുറ്റപ്പണിയുടെ ചെലവും തൊഴിലിന്റെ കൂലിയും മറ്റുമുൾപ്പെടെ ചെലവായ തുക നൽകുന്നതാണു യഥാർഥ നഷ്ടപരിഹാരം. അറ്റകുറ്റപ്പണിയുടെ ചെലവു വാഹനത്തിന്റെ വിപണിവിലയേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ക്ലയിം വിപണിവിലയിൽ പരിമിതപ്പെടുത്തേണ്ടതുള്ളൂ എന്നു കോടതി വ്യക്തമാക്കി.സർവേയർ നിശ്ചയിച്ച 4.14 ലക്ഷം രൂപയിൽ നിന്ന് 35% തുക കുറച്ച് അനുവദിച്ച ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. കുറവു വരുത്തിയ 1.44 ലക്ഷം രൂപ കൂടി നൽകാൻ നിർദേശിച്ചുകൊണ്ട്, ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ഭേദഗതി ചെയ്തു.