Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പിന്റെ ചെറു എസ്‌യുവി കോംപസ് എത്തുന്നു

jeep-compass Jeep Compass

ഇന്ത്യയിൽ നിർമിക്കുന്ന ‘ജീപ് കോംപസ്’ അടുത്ത വർഷം മധ്യത്തോടെ നിരത്തിലെത്തുമെന്നു യു എസിൽ നിന്നുള്ള ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ). പുണെയ്ക്കടുത്തു രഞ്ജൻഗാവിലുള്ള എഫ് സി എ ഇന്ത്യ ശാലയിൽ നിന്നാവും 2017ന്റെ ആദ്യ പകുതിയിൽ ‘ജീപ് കോംപസ്’ പുറത്തെത്തുക. കഴിഞ്ഞ ആഴ്ച വരെ ‘സി — എസ് യു വി’ എന്ന കോഡ് നാമത്തിലാണു ‘കോംപസി’നെ എഫ് സി എ ഇന്ത്യ വിശേഷിപ്പിച്ചിരുന്നത്. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബെയിസ് കൂടിയ വാഹനമായിരിക്കും കോംപസ്. 

വിലയുടെ കാര്യത്തിൽ കടുംപിടുത്തക്കാരായ, എസ് യു വി വിപണിയുടെ ഇടത്തട്ടിലുള്ളളവരെയാണ് ‘കോംപസി’ലൂടെ കമ്പനി നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ ‘കോംപസി’ന്റെ വില 25 ലക്ഷം രൂപയിൽ താഴെ നിർത്താനാണ് എഫ് സി എ ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ വിപണിയിൽ ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യുസോൺ’, ഹോണ്ട ‘സി ആർ — വി’, ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’, ഔഡി ‘ക്യു ത്രീ’ തുടങ്ങിയവയോടാവും ‘കോംപസി’ന്റെ ഏറ്റുമുട്ടൽ. 2 ലീറ്റർ ഡീസൽ, 1.4 ലീറ്റർ പെട്രോൾ മോഡലുകൾ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

 ‘ജീപ് റാംഗ്ലർ’, ‘ജീപ് ഗ്രാൻഡ് ചെറോക്കീ’ എന്നീ മോഡലുകളുമായി കഴിഞ്ഞ ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. കനത്ത ഇറക്കുമതി ചുങ്കം മൂലം ‘റാംഗ്ലറി’ന് 71.59 ലക്ഷം രൂപയും ‘ഗ്രാൻഡ് ചെറോക്കീ’ക്ക് 93.64 ലക്ഷം മുതൽ 1.12 കോടി രൂപ വരെയുമാണു വില. ഈ വില നിലവാരത്തിലും ഉജ്വല വരവേൽപ്പാണ് ‘ജീപ്പി’ന് ഇന്ത്യയിൽ ലഭിച്ചതെന്നു ഫ്ളിൻ അവകാശപ്പെട്ടു. ‘ജീപ് ഡസ്റ്റിനേഷൻ സ്റ്റോർ’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകൾ അഹമ്മദബാദിലും ഡൽഹിയിലും പ്രവർത്തനം തുടങ്ങി. ചെന്നൈ, മുംബൈ സ്റ്റോറുകൾ ഈ മാസം തുറക്കും. വർഷാവസാനത്തിനുള്ളിൽ ഹൈദരബാദ്, ചണ്ഡീഗഢ്, കൊച്ചി, ബെംഗളൂരു നഗരങ്ങളിലും ‘ജീപ് ഡസ്റ്റിനേഷൻ സ്റ്റോർ’ പ്രവർത്തനം ആരംഭിക്കും.