Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ‘ജീപ്പ് ഡസ്റ്റിനേഷൻ സ്റ്റോർ’ അഹമ്മദാബാദിൽ

jeep-showroom

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യയുടെ രാജ്യത്തെ ആദ്യ ‘ജീപ്പ് ഡസ്റ്റിനേഷൻ സ്റ്റോർ’ ഗുജറാത്തിലെ അഹമ്മദാബാദിൽ തുറന്നു. കൺസപ്റ്റ് മോട്ടോർകാർ പ്രൈവറ്റ് ലിമിറ്റഡാണ് ആദ്യ ‘ജീപ്പ് സ്റ്റോറി’ന്റെ അണിയറയിൽ. ഇന്ത്യൻ വിപണിയിൽ എഫ് സി എ ഇന്ത്യ അവതരിപ്പിച്ച ‘ഗ്രാൻഡ് ചെറോക്കീ’, ‘ഗ്രാൻഡ് ചെറോക്കീ എസ് ആർ ടി’, ‘റാംഗ്ലർ അൺലിമിറ്റഡ്’ മോഡലുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്. ഡൽഹി ഷോറൂമിൽ 71.59 ലക്ഷം രൂപ മുതലാണ് ‘ജീപ്പി’ന്റെ ഇന്ത്യൻ ശ്രേണിയുടെ വില. ഇക്കൊല്ലം എഫ് സി എ ഇന്ത്യ തുറക്കാൻ ലക്ഷ്യമിടുന്ന 10 സ്റ്റോറുകളിൽ ആദ്യത്തേതാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചത്. ഡൽഹി, ചെന്നൈ, മുംബൈ, ഹൈദരബാദ്, ചണ്ഡീഗഢ്, ബെംഗളൂരു എന്നിവിടങ്ങൾക്കൊപ്പം കൊച്ചിയിലും ഡിസംബറിനുള്ളിൽ ‘ജീപ്പ് ഡസ്റ്റിനേഷൻ സ്റ്റോറു’കൾ തുറക്കുന്നുണ്ട്.

സർഖേജ് — ഗാന്ധിനഗർ ദേശീയപാതയിൽ കാർഗിൽ പെട്രോൾ പമ്പിന് എതിർവശത്തായി ഗണേഷ് മെറിഡിയനിൽ 7,500 ചതുരശ്ര അടി വിസ്തൃതിയിലാണു ‘ജീപ്പ് ഡസ്റ്റിഷേൻ സ്റ്റോർ’ തുറന്നിരിക്കുന്നത്. വാഹനങ്ങൾക്കു പുറമെ ‘ജീപ്പ്’ ബ്രാൻഡിലുള്ള അക്സസികളും മർച്ചൻഡൈസും സ്റ്റോറിൽ ലഭ്യമാണ്. ഒപ്പം സാനന്ദിൽ 12,000 ചതുരശ്ര അടി വിസ്തൃതിയുള്ള വർക്ഷോപ്പും കൺസപ്റ്റ് മോട്ടോർകാർ സജ്ജീകരിച്ചിട്ടുണ്ട്. ഇടപാടുകാരെ ആകർഷിക്കാനും അമേരിക്കൻ എസ് യു വിയുടെ പ്രകടനക്ഷമത ബോധ്യപ്പെടുത്താനുമായി ‘ജീപ്പ് ഓഫ് റോഡിങ്’ അനുഭവം പ്രദാനം ചെയ്യാനും ഡീലർമാർക്കു പദ്ധതിയുണ്ട്.

കൂടാതെ രണ്ടു വർഷക്കാലത്തേക്ക് ദൂരപരിധിയില്ലാത്ത വാറന്റിയും ‘ജീപ്പ്’ വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം വിൽക്കുന്ന പക്ഷം പുതിയ ഉടമയ്ക്കും ലഭ്യമാവുന്ന വിധത്തിലാണു വാറന്റിയുടെ വ്യവസ്ഥകൾ. വാറന്റിയുടെ ഭാഗമായി ‘ജീപ്പ് അസിസ്റ്റ്’ എന്ന പേരിൽ മുഴുവൻസമയ ഹെൽപ്ലൈനും റോഡ്സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം അപകടത്തിൽപെടുകയോ യന്ത്ര തകരാർ സംഭവിക്കുകയോ ചെയ്താൽ ഉടമകൾക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റോ ഹോട്ടലിൽ താമസസൗകര്യമോ ഏർപ്പാടാക്കുമെന്നും എഫ് സി എ ഇന്ത്യ ഉറപ്പു നൽകുന്നു. രണ്ടു വർഷത്തിനു ശേഷവും ഈ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് എക്സ്റ്റൻഡഡ് വാറന്റി സംവിധാനവും ലഭ്യമാണ്.  

Your Rating: