Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവേഫ യൂറോ 2016: 447 വാഹനങ്ങളൊരുക്കി കിയ

kia-motors-eurocup

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിനെത്തുന്നവരുടെ യാത്രയ്ക്കായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് കോർപറേഷന്റെ വാഹനങ്ങൾ തയാറായി. മത്സരത്തിനെത്തുന്ന ടീമുകളുടെയും റഫറിമാരുടെയും ഒഫീഷ്യലുകളുടെയും പ്രതിനിധികളുടെയും വിശിഷ്ടാതിഥികളുടെയുമൊക്കെ യാത്രയ്ക്കായി 447 വാഹനങ്ങളാണു യൂറോയുടെ ഔദ്യോഗിക പങ്കാളിയുമായ കിയ സജ്ജീകരിച്ചിരിക്കുന്നത്. സംഘാടക സമിതിക്ക് ആവശ്യമായ വാഹനങ്ങളത്രയും ലഭ്യമാക്കുന്നത് ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ കിയയാണ്. ക്രോസ് ഓവറായ ‘സ്പോർട്ടേജ്’, സെഡാനായ ‘ഒപ്റ്റിമ’, സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സൊറെന്റൊ’, കോംപാക്ട് എം പി വിയായ ‘കാരെൻസ്’, അർബൻ ക്രോസ് ഓവറായ ‘സോൾ’ തുടങ്ങിയവയാണ് കിയ യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സംഘാടക സമിതിക്കായി ഒരുക്കിയിരിക്കുന്നത്.

കൂടാതെ യുവേഫ യൂറോ 2016 മത്സരവേളയിൽ മുഴുവൻ സമയ പിന്തുണ ഉറപ്പാക്കാൻ ‘കിയ റോഡ്സൈഡ് അസിസ്റ്റൻസ് ടീമി’നെയും സജ്ജീകരിച്ചിട്ടുണ്ട്. സംഘാടക സമിതിക്കു നൽകിയ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കാനുള്ള സംവിധാനമാണു കിയ സജ്ജീകരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കങ്ങളിലൊന്നാണു യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പെന്ന് കിയ മോട്ടോഴ്സ് കോർപറേഷൻ ഓവർസീസ് മാർക്കറ്റിങ് ഗ്രൂപ് വൈസ് പ്രസിഡന്റ് യങ് വൻ(ബ്രയാൻ) ചോ അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് ആരാധകരാണ് ടൂർണമെന്റിലെ മത്സരങ്ങൾക്കായി ആവേശപൂർവം കാത്തിരിക്കുന്നത്. ഇത്രയേറെ ജനപ്രീതിയുള്ള ഫുട്ബോൾ ചാംപ്യൻഷിപ്പുമായി 2008 മുതൽ സഹകരിക്കാൻ കഴിയുന്നതിൽ കിയ മോട്ടോഴ്സിന് ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിയ മോട്ടോഴ്സുമായുള്ള സഹകരണം കൊറിയൻ കമ്പനിക്കും യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പിനും ഗുണകരമായിട്ടുണ്ടെന്നായിരുന്നു യുവേഫ ഇവന്റ്സ് എസ് എ മാർക്കറ്റിങ് ഡയറക്ടർ ഗൈ ലോറന്റ് എപ്സ്റ്റിന്റെ പ്രതികരണം. ടൂർണമെന്റിനായി മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാൻ കിയ മോട്ടോഴ്സും ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. ഇത്തവണത്തെ ചാംപ്യൻഷിപ്പിനായി കമ്പനി കൈമാറിയ വാഹനങ്ങളിലും ഈ മികവ് ദൃശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating: