Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിയ വാഹന ശാല: സാധ്യതയിൽ മുന്നിൽ ആന്ധ്ര

kia-soul Kia Soul

ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണശാലയെ ആന്ധ്ര പ്രദേശ് സ്വന്തമാക്കാൻ സാധ്യതയേറി. ഹ്യുണ്ടേയ് ഇന്ത്യ മേധാവിയായിരുന്ന എച്ച് ഡബ്ല്യു പാർക്ക് നയിക്കുന്ന കിയ മോട്ടോർ 5,000 കോടി രൂപയോളം ചെലവിൽ പ്രതിവർഷം മൂന്നു ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ള ശാലയാണ് ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പുതിയ ശാലയ്ക്കു ഭൂമി കണ്ടെത്താൻ കൊറിയൻ വാഹന നിർമാതാക്കളുടെ ഉന്നതതല സംഘം മാസങ്ങളായി ഇന്ത്യയിലുണ്ട്. ആന്ധ്ര പ്രദേശിനു പുറമെ ഗുജറാത്തും മധ്യപ്രദേശുമാണു സംഘത്തിന്റെ സജീവ പരിഗണനയിലുള്ളത്. കിയയുടെ ഇന്ത്യൻ ഫാക്ടറി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിൽ പ്രതീക്ഷിക്കാമെന്നാണു സൂചന. വിവിധ സംസ്ഥാനങ്ങൾ നൽകിയ വാഗ്ദാനങ്ങളും മറ്റും ക്രോഡീകരിക്കുന്ന തിരക്കിലാണ് കിയ പ്രതിനിധികൾ. ഇതടക്കമുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാവും അന്തിമ പ്രഖ്യാപനം. എങ്കിലും ലഭ്യമായ സൂചനകൾ പ്രകാരം ആന്ധ്ര പ്രദേശ് തന്നെയാണു കിയ മോട്ടോർ പ്ലാന്റ് സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിൽ.

ഹ്യുണ്ടേയിയെ നയിച്ച അനുഭവ പരിചയമുള്ളതിനാൽ പാർക്കിന് ഇന്ത്യൻ വാഹന വിപണിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. നിലവിൽ വിൽപ്പനയിൽ നേരിടുന്ന തിരിച്ചടി മാറി ഇന്ത്യൻ വിപണി ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ശാല സ്ഥാപിച്ച് ഇന്ത്യയിൽ വാഹന വിൽപ്പന ആരംഭിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ ശ്രീപെരുമ്പത്തൂർ ശാലയോടുള്ള സാമീപ്യമാണ് ആന്ധ്ര പ്രദേശിൽ കിയ മോട്ടോർ കാണുന്ന പ്രധാന നേട്ടം. ഇരുശാലകളുമായി 80 കിലോമീറ്ററിൽ താഴെയാണു ദൂരമെന്നതിനാൽ ഹ്യുണ്ടേയിയുടെ സപ്ലയർമാരുടെ സേവനം ഉറപ്പാക്കാം; ഒപ്പം ഒരേ തുറമുഖ സൗകര്യങ്ങളും പ്രയോജനപ്പെടുത്താമെന്ന നേട്ടമുണ്ട്. വിപണന, വിൽപ്പന സൗകര്യങ്ങൾ ഇരു ബ്രാൻഡുകളും പങ്കിടാൻ സാധ്യതയില്ലെങ്കിലും കിയയുടെ നിർമാണസൗകര്യം ഹ്യുണ്ടേയ് ആവശ്യമെങ്കിൽ വിനിയോഗിച്ചേക്കും. ഹ്യുണ്ടേയിയുടെ നിഴലാവാതെ വിൽപ്പനയിലും വിപണനത്തിലുമൊക്കെ സ്വതന്ത്ര പ്രതിച്ഛായ നിലനിർത്തുന്നതാണു കിയ മോട്ടോറിന്റെ പതിവു രീതി. വിദേശ വിപണികളിൽ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഇന്ത്യയ്ക്കായി മാറ്റേണ്ടതില്ലെന്നും കമ്പനി കരുതുന്നു.

പുതിയ ബിസിനസ് സാധ്യത തേടിയുള്ള അന്വേഷണത്തിലാണു വാഹന നിർമാണത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് — കിയ സഖ്യം ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. മാത്രമല്ല 2015ലെ വിൽപ്പന ലക്ഷ്യം നേടുന്നതിൽ സഖ്യം പരാജയപ്പെടുകയും ചെയ്തു; 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇതാദ്യമായാണു കമ്പനി വിൽപ്പനലക്ഷ്യം കൈവരിക്കാതെ പോകുന്നത്. ചൈന, റഷ്യ, ബ്രസീൽ തുടങ്ങിയ പ്രധാന വിപണികളിലെ ദൗർബല്യം മൂലം കഴിഞ്ഞ ജനുവരി — ജൂൺ കാലത്തെ വിൽപ്പനയിലും സഖ്യത്തിനു രണ്ടു ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്. ബി വിഭാഗത്തിൽപെടുന്ന ‘റിയൊ’(ചൈനീസ് വിപണിയിലെത്തുമ്പോൾ ‘കെ ടു’) ആണു കഴിഞ്ഞ വർഷം വിദേശ വിപണികളിൽ കിയ മോട്ടോർ ഏറ്റവുമധികം വിറ്റ മോഡൽ; 4.66 ലക്ഷം യൂണിറ്റ്. കോംപാക്ട് എസ് യു വിയായ ‘സ്പോർട്ടേജ്’ 3.99 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി രണ്ടാമതുണ്ട്. സി വിഭാഗത്തിൽപെട്ട ‘സെരാറ്റൊ’(ചില വിപണികളിൽ ‘ഫോർട്ടെ’യെന്നും ‘കെ ത്രീ’ എന്നും പേര്), ഡി വിഭാഗം സെഡാനായ ‘ഒപ്റ്റിമ’, അർബൻ ക്രോസോവറായ ‘സോൾ’ എന്നിവയാണു വിൽപ്പനയിൽ അടുത്ത സ്ഥാനങ്ങളിലുള്ളത്. മൊത്തം 30 ലക്ഷത്തോളം വാഹനങ്ങളാണു കിയ മോട്ടോഴ്സ് 2015ൽ വിറ്റത്.  

Your Rating: