Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ പെർമിറ്റിന് മറാത്തി; വ്യവസ്ഥ ശരിയല്ലെന്നു കോടതി

Autorickshaw, Mumbai Representative Image

മണ്ണിന്റെ മക്കൾ വാദം ഇടയ്ക്കിടെ തലപൊക്കുന്ന മഹാരാഷ്ട്രയിൽ താക്കീതുമായി ബോംബെ ഹൈക്കോടതി. പുതിയ ഓട്ടോറിക്ഷ പെർമിറ്റിന് അപേക്ഷിക്കുന്നവർ പ്രാദേശിക ഭാഷയായ മറാത്തി അറിഞ്ഞിരിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിലാണു കോടതി വിയോജിപ്പ് രേഖപ്പെടുത്തിയത്. പെർമിറ്റ് ദാതാക്കളായ റീജണൽ ട്രാൻസ്പോർട് ഓഫിസുകൾക്കുള്ള സർക്കാർ നിർദേശം പ്രഥമദൃഷ്ട്യാ ശരിയല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിലപാട്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പരിപത്രത്തെ ചോദ്യം ചെയ്ത മീര ഭയാന്ദർ ഓട്ടോറിക്ഷ ചാലക് സംഘടനാണു കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം നവംബർ ഒന്നിന് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം സംസ്ഥാനത്ത് അനുവദിക്കുന്ന പുതിയ ഓട്ടോറിക്ഷ പെർമിറ്റുകൾ മറാത്തി സംസാരിക്കാൻ അറിയുന്ന അപേക്ഷകർക്കു മാത്രമായി പരിമിതപ്പെടുത്തി. ഇതോടൊപ്പം നിലവിൽ ഓട്ടോറിക്ഷ പെർമിറ്റുള്ളവരെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.എന്നാൽ ഓട്ടോറിക്ഷ ഓടിക്കാനുള്ള ബാഡ്ജ് അനുവദിക്കുമ്പോൾ ഇത്തരം വ്യവസ്ഥകൾ സ്വീകരിക്കുന്നതു ന്യായീകരിക്കാമെങ്കിലും പെർമിറ്റ് വിതരണം ഇപ്രകാരം നിയന്ത്രിക്കുന്നത് നിരർഥകമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഓട്ടോറിക്ഷ വാങ്ങി പെർമിറ്റ് എടുക്കുന്നവർ പലരും സ്വയം വാഹനം ഓടിക്കാറില്ല; മറിച്ച് ഡ്രൈവർമാർക്കു വാടകയ്ക്കു നൽകുകയാണു പതിവെന്നും മീര ഭയാന്ദർ ഓട്ടോറിക്ഷ ചാലക് സംഘടൻ വാദിച്ചു.

ഈ വാദത്തോടു ഹൈക്കോടതിയും യോജിക്കുകയായിരുന്നു. പെർമിറ്റ് വിതരണത്തിൽ ഇത്രയും നിബന്ധനകൾ ഉൾപ്പെടുത്തുന്നതു ശരിയല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം, മറാത്തി പരിജ്ഞാനം സംബന്ധിച്ച പരിപത്രത്തിലെ വ്യവസ്ഥകളെ സംസ്ഥാന സർക്കാർ കോടതിയിൽ ന്യായീകരിച്ചു. ഓട്ടോറിക്ഷ പെർമിറ്റ് ലഭിക്കാൻ ഏഴാം ക്ലാസ് വരെ പഠിച്ചിരിക്കണമെന്നും മറാത്തി സംസാരിക്കാൻ അറിയണമെന്നുമാണു സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത്; ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് അധികൃതരുടെ വാദം.

Your Rating: