Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ചുറ്റി ഒരു സ്കൂട്ടർ യാത്ര

scooter-travel-1 Aprilia SR 150

യാത്രയുടെ ആവേശം തലയ്ക്കുപിടിച്ചാൽ പിന്നെ കാത്തുനിൽക്കരുത്. അന്നേരം തന്നെ തുടങ്ങണം ആ പ്രയാണം. അങ്ങനെയുള്ള യാത്രകൾ, റോഡിലൂടെയാണെങ്കില്‍, എന്നും ഹരം പിടിപ്പിച്ചൊരു ഇരുചക്രവാഹനൊപ്പം കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അനിർവചനീയമായ, വാക്കുകൾക്കതീതമായൊരു അനുഭൂതിയാകും അതു നമുക്കു സമ്മാനിക്കുക. പൊരിവെയിലിൽ നിന്ന് തണുപ്പിലേക്ക്,പിന്നെ മഞ്ഞിലേക്ക് വീണ്ടും വെയിലിലേക്ക്, അങ്ങനെ ഋതുഭേതങ്ങൾക്കിടയിലൂടെയുള്ള യാത്രകൾ ഓരോ തിരിച്ചറിവുകളാണ് ജീവിതത്തിലേക്കു കൂട്ടിച്ചേർക്കുക.

scooter-travel-4 Akshay Suresh And Darin Ipe

ഇന്ത്യയുടെ ആത്മാവു കണ്ട് അതിന്റെ തുടിപ്പറിയാൻ നഗര-ഗ്രാമങ്ങളിലൂടെ യാത്രയ്ക്കുള്ള പുറപ്പാടിന്, ഈ യുവാക്കൾ തിരഞ്ഞെടുത്തതും രണ്ടു സ്കൂട്ടറുകൾ. കൂടിപ്പോയാൽ 50 കിലോമീറ്റർ! അതിലധികമുള്ള സ്കൂട്ടർ യാത്രയെപ്പറ്റി ചിന്തിക്കാനെ വയ്യാത്തവരെ വെല്ലുവിളിച്ച് ഇവർ ഇതുവരെ പിന്നിട്ടത് 3500-ൽ അധികം കിലോമീറ്ററുകൾ. കേരളത്തിൽ നിന്നു പത്തു ദിവസം കൊണ്ട് 3500 കിലോമീറ്റർ സ്കൂട്ടറിൽ താണ്ടി ഡൽഹിയിൽ എത്തിയിരിക്കുന്നത് ‌ഡാരിൻ ഐപ്പും, അക്ഷയ് സുരേഷും, ജിബിനും, അർച്ചനും നിവേദും അടങ്ങുന്ന അഞ്ചംഗ സംഘമാണ്.

scooter-travel-5 Akshay Suresh, Darin Ipe and Friends

കോട്ടയത്ത് നിന്നാരംഭിച്ച യാത്രയുടെ ശിൽ‌പ്പികൾ ഡാരിൻ ഐപ്പും അക്ഷയ് സുരേഷുമാണ്. ഇന്ത്യയുടെ ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെ നീളുന്ന ഈ യാത്ര കൊതിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും ഇവർക്ക് സമ്മാനിച്ചത്. യാത്രകളുടെ കഥകൾ കേൾക്കാൻ കൊതിയുള്ളവരുടെ കാതിലേക്ക് ഇടതടവില്ലാതെ ആവേശം നിറയ്ക്കുന്ന ഈ യാത്ര ഡൽഹിയിൽ അവസാനിപ്പിക്കില്ല ഇവർ. ഇന്ത്യ മുഴുവൻ സ്കൂട്ടറുകളിൽ ചുറ്റനാണ് ഇവരുടെ പദ്ധതി.

scooter-travel-3 Route Map

ജനുവരി അഞ്ചിന് ആരംഭിച്ച യാത്രയിൽ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ, ബാംഗ്ലൂർ എത്തിയപ്പോഴേക്കും നാലു പേർ കൂടി ഒപ്പം കൂടി. നേരത്തെ നിശ്ചയിച്ച പോലെ ജിബിനും അർച്ചനയും രണ്ട് പട്ടിക്കുട്ടികളുമായിരുന്നു അത്. ഇവരുടെ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബാംഗ്ലൂരിൽ നിന്നുള്ള നിവേദ് കുമാറും ഹോണ്ട ആക്ടീവയിൽ പങ്കാളിയായി. വഴി നീളെ പുതിയ കാഴ്ച്ചകളും പുതിയ അനുഭവങ്ങളുമായി ഇവർ ഈ സ്വപ്നയാത്ര തുടരുകയാണ്, മണാലിയിലേക്കും അവിടുന്നു തവാങ്ങിലെയും പിന്നെ ഇന്ത്യയുടെ ഹൃദയത്തുടിപ്പുകളിലേയ്ക്കും.

scooter-travel Tent

പിയാജിയോ അപ്രീലിയ എസ്ആർ 150, ഹോണ്ട ഡിയോയുമാണ് ഇവർ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. യാത്രയ്ക്കുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതിനായി ഇരുവാഹനത്തിലും പ്രത്യേകം തയ്യാറാക്കിയ ട്രെയിലറും ഘടിപ്പിച്ചു.

scooter-travel-2 Aprilia SR 150

പത്തു ദിവസം 3500 കിലോമീറ്റർ

ദിവസവും 300 മുതൽ 350 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് ഡൽഹിയിലെത്തിയത്. കൂടെ കരുതിയ ടെന്റിലായിരുന്നു ഇതുവരെയുള്ള രാത്രി താമസം. ‍‍ഡൽഹിയിൽ നിന്ന് മണാലിവരെയും അവിടുന്ന് ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമായ അരുണാചൽപ്രദേശിലെ തവാങ് വരെയുമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാലിനി യാത്ര വടക്കെ ഇന്ത്യ മുഴുവൻ ആക്കിയാലോ എന്ന പദ്ധതിയുണ്ടെന്നു ഡാരിൻ പറയുന്നു. ഏകദേശം 15,000 കിലോമീറ്റർ സ്കൂട്ടറിൽ കറങ്ങാനാണ് പദ്ധതി.

scooter-travel-6 Duma & Normen

ട്വിസ്റ്റ് സ്കൂട്ട്

യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് സ്കൂട്ടറുകൾ. ഹോണ്ട ഡിയോയും, അപ്രീലിയ എസ്ആർ 150യും. രണ്ടിന്റേയും പിറകിൽ ട്രെയിലറുകൾ ഘടിപ്പിച്ചു. യാത്രയ്ക്ക് സഹായകമാകുന്ന സാമഗ്രികളെല്ലാം ഈ ട്രെയിലറുകൾക്കുള്ളിലാണ്. പട്ടിക്കുട്ടികളായ ഡ്യൂമയുടേയും നോർമാന്റേയും യാത്രയും ഈ ട്രെയിലറുകളിൽ തന്നെ.