Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയനെ തകർക്കാൻ കെടിഎം

super-1290-adventure-r Representative Image, KTM 1290 Super Duke Adventure R

കഴിഞ്ഞ വർഷമാണ് വില കുറഞ്ഞ അഡ്വഞ്ചർ ബൈക്ക് സെഗ്‌മെന്റിലേയ്ക്ക് റോയൽ എൻഫീൽഡ് ഹിമാലയൻ എത്തിയത്. മറ്റു ഇരുചക്രവാഹന നിർമാതാക്കൾ കൈവെയ്ക്കാതിരുന്ന സെഗ്‌മെന്റിൽ ഹിമാലയൻ വെന്നിക്കൊടി പാറിച്ചു. ഓഫ് റോഡിനും ഓൺ റോഡിനും ഒരുപോലെ ഇണങ്ങിയ ഈ ബൈക്ക് മറ്റു വാഹന നിർമാതാക്കള്‍ക്കും വലിയൊരു സാധ്യതയാണ് തുറന്നുകൊടുത്തിരിക്കുന്നത്. സുസുക്കിയും ടിവിഎസും ഹോണ്ടയുമെല്ലാം ചെറിയ അഡ്വഞ്ചർ ബൈക്കുകളുടെ പണിപ്പുരയിലാണ്.

ഇപ്പോഴിതാ ഓസ്ട്രിയൻ വാഹന നിർമാതാക്കളായ കെടിഎമ്മും അ‍ഡ്വഞ്ചർ ബൈക്കുമായി എത്തുന്നു. കെടിഎമ്മും ബജാജും സംയുക്തമായി വികസിപ്പിക്കുന്ന ചെറു അഡ്വഞ്ചർ ബൈക്ക് പ്ലാറ്റ്ഫോമിലാണ് ബൈക്ക് പുറത്തിറങ്ങുക. പുതിയ സൂപ്പർ ‍ഡ്യൂക്ക് അ‍ഡ്വഞ്ചർ 1290 യെ ആധാരമാക്കി വികസിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ രണ്ടു ബൈക്കുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം അഡ്വഞ്ചർ 200, കെടിഎം അഡ്വഞ്ചർ 390 എന്നീ പേരുകളിലായിരിക്കും ബൈക്ക് അറിയപ്പെടുക.

നേരത്തെ അ‍ഡ്വഞ്ചർ ടൂറർ വികസിപ്പിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും അവ കമ്പനി സ്ഥിരീകരിച്ചിരുന്നില്ല. എന്നാലിപ്പോൾ പുതിയ ബൈക്കിന്റെ പരീക്ഷയോട്ടം കമ്പനി ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഹിമാലയനെ കൂടാതെ കഴിഞ്ഞ മാസം മിലാനിൽ നടന്ന രാജ്യാന്തര വാഹന മേളയിൽ പ്രദർശിപ്പിച്ച ബിഎംഡബ്ല്യു ജി 310 ജിഎസ്, സുസുക്കി വി-സ്റ്റോം, കവസാക്കി വേർസിസ് എക്സ് 300 തുടങ്ങിയ ബൈക്കുകളോടായിരിക്കും മത്സരിക്കുക. ഡ്യൂക്ക് 390 ലെ 375 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്ക് ഇവരുമായി മത്സരിക്കുമ്പോൾ 200 സിസി എൻജിനും 1.5 ലക്ഷം രൂപ വിലയുമായി എത്തുന്ന അഡ്വഞ്ചർ 200 പുതിയ സെഗ്‌‌മെന്റിനായിരിക്കും തുടക്കം കുറിക്കുക.