Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കെയുവി 100’ എത്തി, വില 4.42 ലക്ഷം മുതൽ

kuv-100-5 KUV 100

മഹീന്ദ്രയുടെ ചെറു എസ് യു വി ‘കെയുവി 100’ എത്തി വില 4.42 ലക്ഷം രൂപ മുതൽ 6.79 ലക്ഷം രൂപ വരെ. പെട്രോള്‍‌ മോ‍ഡലിന് 4.42 ലക്ഷം രൂപമുതൽ 5.91 ലക്ഷം രൂപവരെയും ഡീസൽ എൻജിന് 5.22 ലക്ഷം മുതൽ 6.79 ലക്ഷം രൂപ വരെയുമാണ് പൂനൈ എക്സ് ഷോറൂം വില. അടിസ്ഥാന വകഭേദം മുതൽ എബിഎസ് ഇബിഡിയും ഡ്യുവൽ എയർബാഗ് ഓപ്ഷനായിട്ടും നൽകിയിട്ടുണ്ട്. കെ ടു’, ‘കെ ഫോർ’, ‘കെ സിക്സ്’, ‘കെ എയ്റ്റ്’ എന്നീ നാലു വകഭേദങ്ങളിലാവും ‘കെയുവി 100’ വിപണിയിലെത്തുക. ബി വിഭാഗം കോംപാക്ട് ഹാച്ച്ബാക്കുകളായ ‘ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10’, ‘മാരുതി സ്വിഫ്റ്റ്’ തുടങ്ങിയവ തേടിപ്പോകുന്നവരെയാണ് ‘കെ യു വി 100’ വഴി ആകർഷിക്കാൻ മഹീന്ദ്ര ശ്രമിക്കുക.

kuv-interior-1 KUV 100

എസ് യു വിയുടെ റോഡ് സാന്നിധ്യത്തിനൊപ്പം ആകർഷക സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ധനക്ഷമതയേറിയ എൻജിനുമൊക്കെയാണു പുതിയ മൈക്രോ എസ് യു വിയുടെ സവിശേഷതകളായി മഹീന്ദ്ര നിരത്തുന്നത്. ‘ഫാൽകൻ’ ശ്രേണിയിലെ പുത്തൻ അലൂമിനിയം ബ്ലോക്ക് എൻജിനുകളാണു ‘കെ യു വി 100’ മോഡലിനു കരുത്തേകുക. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ (എം ഫാൽക്കൻ ജി 80’, 1.2 ലീറ്റർ, മൂന്നു സിലിണ്ടർ ഡീസൽ(എം ഫാൽക്കൻ ഡി 75) എൻജിനുകളാണു കമ്പനി പുതിയതായി വികസിപ്പിച്ചത്. ഇരട്ട വി വി ടി പെട്രോൾ യൂണിറ്റിന് 5,500 ആർ പി എമ്മിൽ 82 ബി എച്ച് പി വരെ കരുത്തും 3,500 ആർ പി എമ്മിൽ 114 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. 3,750 ആർ പി എമ്മിലെ 77 ബി എച്ച് പിയാണു ഡീസൽ എൻജിന്റെ പരമാവധി കരുത്ത്; 1,750 — 2,250 ആർ പി എമ്മിലെ 190 എൻ എമ്മാണു പരമാവധി ടോർക്ക്.

kuv-100 KUV 100

1200 കോടി രൂപ മുടക്കി വികസിപ്പിച്ച വാഹനം ഏകദേശം 350 ആളുകളുടെ നാലു വർഷത്തെ പരിശ്രമത്തിന്റെ ഫലമാണെന്നാണ് വാഹനം പുറത്തിറക്കികൊണ്ട് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഓട്ടോമോട്ടിവ് ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ പവൻ ഗോയങ്ക അറിയിച്ചത്. ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം ഉടൻ തന്നെ ശ്രീലങ്ക, നേപ്പാൾ വിപണികളിലും പുറത്തിറങ്ങുമെന്നും അടുത്ത സാമ്പത്തിക വർഷം മുതൽ മറ്റ് രാജ്യാന്തര വിപണികളിലും പുറത്തിറങ്ങുമെന്ന് അറിയിച്ചു.