Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം സൃഷ്ടിച്ച് ലംബോർഗിനി

lamborghini-huracan_lp580-2-1 Lamborghini Huracan

തകർപ്പൻ പ്രകടനത്തോടെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി 2015 അവിസ്മരണീയമാക്കി. ആഗോളതലത്തിൽ 3,245 ആഡംബര സ്പോർട്സ് കാർ വിറ്റാണു ലംബോർഗിനി പുതിയ ചരിത്രം രചിച്ചത്. നിലവിലുള്ള മോഡലുകളായ ‘ഹുറാകാൻ’, ‘അവന്റെഡോർ’ വിൽപ്പന വഴി 94.9 കോടി ഡോളർ(ഏകദേശം 6386.15 കോടി രൂപ) ആണു ലംബോർഗ്നി നേടിയ വരുമാനം; 2014ലെ വിറ്റുവരവിനെ അപേക്ഷിച്ച് 39% അധികമാണിത്. കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് 2,242 ‘ഹുറാകാൻ’ ആണു ലംബോർഗിനി വിറ്റത്. 2014ൽ വിപണിയിലുണ്ടായിരുന്ന ‘ഗയാഡോ’ 18 മാസത്തിനിടെ കൈവരിച്ച വിൽപ്പനയെ അപേക്ഷിച്ച് 70 ശതമാനത്തോളം അധികമാണിത്. നാലു വർഷമായി വിപണിയിലുള്ള ‘അവന്റെഡോർ’ 1,003 യൂണിറ്റാണു ലംബോർഗ്നി 2015ൽ വിറ്റത്.

lamborghini-aventador Lamborghini Aventador

തുടർച്ചായ അഞ്ചാം വർഷവും വളർച്ച നേടാനായതും റെക്കോഡ് പ്രകടനം കാഴ്ചവയ്ക്കാനായതും മികച്ച നേട്ടമാണെന്നു ലംബോർഗിനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റീഫൻ വിൻകെൽമാൻ അിപ്രായപ്പെട്ടു. ആഗോള ആഡംബര കാർ വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സഹായിക്കുന്ന ഇടത്തരം, ദീർഘകാല നയങ്ങളാണു കമ്പനി പിന്തുടരുന്നത്. കമ്പനിയുടെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ 2018ൽ വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.സാമ്പത്തിക മേഖലയിലെ പ്രകടനം മികച്ചതായതോടെ പുതിയ മോഡൽ വികസനത്തിനും ‘ഉറുസ്’ നിർമാണത്തിനുമൊക്കെ ആവശ്യമായ പണം നീക്കിവയ്ക്കാൻ കമ്പനിക്കു സ്വന്തം നിലയിൽതന്നെ സാധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Lamborghini Lamborghini Urus

വിൽപ്പനയിലെ മുന്നേറ്റം പരിഗണിച്ച് ഉൽപ്പാദനം ഇരട്ടിയാക്കാൻ ലംബോർഗ്നി തയാറെടുക്കുന്നുണ്ട്. ഇറ്റാലിയൻ നഗരമായ ബൊളോണയിലെ ശാലയിൽ ‘ഉറുസ്’ നിർമാണം സാധ്യമാക്കാൻ 500 ജീവനക്കാരെ കൂടി നിയമിക്കാനാണു പദ്ധതി. ലാൻഡ് റോവറിന്റെ ‘റേഞ്ച് റോവർ’ ശ്രേണിയിലെ മുന്തിയ വകഭേദങ്ങളും ബി എം ഡബ്ല്യുവിന്റെ ‘എക്സ് സിക്സും’ ബെന്റ്ലിയിൽ നിന്നു നിരത്തിലെത്താനുള്ള പുത്തൻ എസ് യു വിയുമൊക്കെയാവും ‘ഉറുസി’ന്റെ എതിരാളികൾ. ലംബോർഗ്നി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാവുമെന്നു കരുതുന്ന ‘ഉറുസി’ന് വിപണി പ്രതീക്ഷിക്കുന്ന വില 1.50 ലക്ഷം ഡോളർ(ഏകദേശം ഒരു കോടിയോളം രൂപ) ആണ്. നിലവിൽ 2.30 ലക്ഷം ഡോളറി(ഏകദേശം 1.55 കോടി രൂപ)നു ലഭിക്കുന്ന ‘ഹുറാകാൻ’ ആണ് ലംബോർഗിനി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ.

Your Rating: