Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെഞ്ചൂറൊ’യ്ക്കു ‘മിഴ്സ്യ’ പതിപ്പുമായി മഹീന്ദ്ര

mahindra-centuro

രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത പുതിയ ഹിന്ദി ചിത്രമായ ‘മിഴ്സ്യ’ പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടു മോട്ടോർ സൈക്കിളായ ‘സെഞ്ചൂറൊ’യുടെ പ്രത്യേക പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ടു വീലേഴ്സ് ഒരുങ്ങുന്നു. ചിത്രം തിയറ്ററിലെത്തുന്ന ഒക്ടോബർ ഏഴിനാവും ‘സെഞ്ചൂറൊ മിഴ്സ്യ’യും നിരത്തിലെത്തുക.

ഫ്ളിപ് ഓപ്പൺഡ് കീ, എൽ ഇ ഡി ഹെഡ്ലാംപും ടെയിൽ ലാംപും, അലോയ് വീൽ, നീളമേറിയ സീറ്റ് തുടങ്ങി സാധാരണ ‘സെഞ്ചൂറോ’യിലെ സൗകര്യങ്ങളെല്ലാം ‘മിഴ്സ്യ’ പ്രത്യേക പതിപ്പിലും മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. ഒപ്പം ആന്റി തെഫ്റ്റ് മെക്കാനിസവും ബൈക്കിലുണ്ട്; വ്യാജതാക്കോൽ ഉപയോഗിച്ചുള്ള ‘കടന്നുകയറ്റം’ ശ്രദ്ധയിൽപെട്ടാൽ എൻജിൻ പ്രവർത്തനരഹിതമാക്കുന്നതരത്തിലാണ് ഈ സംവിധാനം. കൂടാതെ ബൈക്കിന്റെ എൻജിൻ പ്രവർത്തിക്കുന്നില്ലാത്ത വേളയിലും ഇഗ്നീഷൻ കീ ഉപയോഗിച്ചു ഹെഡ്ലാംപുകൾ ഓൺ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്; ഇതു വഴി പാർക്കിങ് ഗ്രൗണ്ടിലും മറ്റും ബൈക്ക് കണ്ടെത്തുക ആയാസരഹിതമാവുമെന്നതാണു നേട്ടം.

Centuro-mirza

ബൈക്കിനു കരുത്തേകുന്നത് 106.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് മൈക്രോ ചിപ് ഇഗ്നൈറ്റഡ് ഫൈവ് കർവ്(എം സി ഐ — 5) എൻജിനാണ്; 7,500 ആർ പി എമ്മിൽ പരമാവധി 8.4 ബി എച്ച് പിയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്. നാലു സ്പീഡ് ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. സിനിമയുമായുള്ള ‘സെഞ്ചൂറൊ’യുടെ ബന്ധം ആഘോഷിക്കാൻ വേറിട്ട വ്യക്തിത്വവും കാഴ്ചപ്പകിട്ടുമുള്ള ‘മിഴ്സ്യ പതിപ്പ്’ അവതിപ്പിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നു മഹീന്ദ്ര ടു വീലേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് സഹായ് അഭിപ്രായപ്പെട്ടു. വരുന്ന ഉത്സവകാലത്ത് ‘മിഴ്സ്യ’യെ പോലെ തരംഗം സൃഷ്ടിക്കാൻ ഈ പ്രത്യേക പതിപ്പിനു കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

പഞ്ചാബിൽ നാടോടിക്കഥയായ തലമുറകൾ കൈമാറിവരുന്ന ‘മിഴ്സ — സാഹിബാൻ’ പ്രേമം അടിസ്ഥാനമാക്കിയാണ് ‘മിഴ്സ്യ’യിലെ ആധുനിക പ്രണയകഥ തയാറാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകനായ രാകേഷ് ഓംപ്രകാശ് മെഹ്റ വിശദീകരിച്ചു. എതിർപ്പുകളെ നേരിട്ടു മുന്നേറാൻ നിർബന്ധിതരായ കമിതാക്കളുടെ കഥയ്ക്ക് 2016ൽ പശ്ചാത്തലമാവുന്നത് രാജസ്ഥാൻ ആണ്. സിനിമയുമായുള്ള പങ്കാളിത്തം ആഘോഷിക്കാൻ മഹീന്ദ്ര പ്രത്യേക പതിപ്പ് അവതരിപ്പിച്ചത് ആഹ്ലാദകരമാണെന്നും മെഹ്റ അഭിപ്രായപ്പെട്ടു. രാജസ്ഥാനിലും ലഡാക്കിലുമായാണു മെഹ്റ ‘മിഴ്സ്യ’ ചിത്രീകരിച്ചത്.

Your Rating: