Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര ‘ഇ ടു ഒ’ വിലയിൽ 92,000 കിഴിവ്

Mahindra E2O

ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ചെറുകാറായ ‘ഇ ടു ഒ’യുടെ വിലയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 92,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചു. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ പിൻബലത്തിലാണ് ‘ഇ ടു ഒ’ വിലയിൽ കിഴിവ് അനുവദിച്ചത്.

മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് നിർമിക്കുന്ന ‘ഇ ടു ഒ’യുടെ വിലയിൽ 16 ശതമാനത്തിന്റെ കുറവാണു നടപ്പാവുന്നത്. നേരത്തെ 5.71 ലക്ഷം രൂപ വിലയ്ക്കു ഡൽഹി നിരത്തിലെത്തിയിരുന്ന കാർ ഇനി മുതൽ 4.79 ലക്ഷം രൂപയ്ക്കു സ്വന്തമാക്കാം. അതേസമയം ഫിക്സ്ഡ് എനർജി ഫീ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല; അഞ്ചു വർഷമോ 50,000 കിലോമീറ്ററോ വരെ പ്രതിമാസം 2,999 രൂപ.

കേന്ദ്ര സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിച്ചതോടെ ‘ഇ ടു ഒ’ കൂടുതൽ ലാഭകരവും ആകർഷകവുമായി മാറിയെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവു(ഓട്ടമോട്ടീവ്)മായ പ്രവീൺ ഷാ അഭിപ്രായപ്പെട്ടു. നിലവിൽ ‘ഇ ടു ഒ’ വിൽപ്പനയ്ക്കുള്ള വിപണികളിലെല്ലാം വിലയിൽ 16% ഇളവ് നടപ്പായെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) പദ്ധതിയുടെ നേരിട്ടുള്ള പ്രതിഫലനമാണു വിലക്കിഴിവെന്നും ഷാ വിശദീകരിച്ചു.

നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിന്റെ ഭാഗമായാണു കേന്ദ്ര സർക്കാർ ‘ഫെയിം’ നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം വൈദ്യുത, സങ്കര ഇന്ധന വിഭാഗത്തിൽപെട്ട ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപ വരെയും കാറുകൾക്ക് 1.38 ലക്ഷം രൂപ വരെയുമുള്ള ആനുകൂല്യങ്ങളാണു സർക്കാർ അനുവദിക്കുക. 2015 — 17 കാലത്ത് മൊത്തം 795 കോടി രൂപയാണു സർക്കാർ ‘ഫെയി’മിനായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 500 കോടി രൂപ ഡിമാൻഡ് ഇൻസെന്റീവിനായി വകയിരുത്തിയിട്ടുണ്ട്.

നിലവിൽ ഡൽഹി, ബെംഗളൂരു, പുണെ തുടങ്ങിയ പ്രധാന നഗരങ്ങളിലും നേപ്പാളിലുമാണു മഹീന്ദ്ര ‘ഇ ടു ഒ’ വിൽക്കുന്നത്. കഴിഞ്ഞ വർഷത്തെ കാർ വിൽപ്പന 600 യൂണിറ്റിൽ താഴെയായിരുന്നു.

അതേസമയം വിലക്കിഴിവ് നടപ്പായാലും ‘ഇ ടു ഒ’ വിൽപ്പന കുതിച്ചുയരുമെന്നു കരുതുന്നില്ലെന്നു ഷാ വ്യക്തമാക്കി. എന്നാൽ അനുകൂല സാഹചര്യം മുതലെടുത്ത് അഹമ്മദബാദ്, ഹൈദരബാദ്, ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിലേക്ക് ‘ഇ ടു ഒ’ വിപണനം വ്യാപിപ്പിക്കാനാണു മഹീന്ദ്ര ആലോചിക്കുന്നത്.

ബെംഗളൂരുവിലെ മെയ്നി ഗ്രൂപ്പും യു എസിലെ എ ഇ വി എൽ എൽ സിയും ചേർന്ന് 1994ൽ സ്ഥാപിച്ച സംയുക്ത സംരംഭമാണു രേവ ഇലക്ട്രിക് കാർ കമ്പനി. 2010 മേയിൽ കമ്പനിയുടെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയ മഹീന്ദ്ര, പേര് മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.