Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ യു വി 100’ ഉൽപ്പാദനം വർധിപ്പിക്കാൻ മഹീന്ദ്ര

kuv-100-4

മൈക്രോ എസ് യു വിയായ ‘കെ യു വി 100’ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനം. വിപണിയിൽ ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തി ‘കെ യു വി 100’ ഉൽപ്പാദനം 50% ഉയർത്താനാണു കമ്പനി തയാറെടുക്കുന്നത്.

അവതരണവേള മുതൽ ഇതുവരെ 1.10 ലക്ഷത്തോളം അന്വേഷണങ്ങളാണ് ‘കെ യു വി 100’ തേടിയെത്തിയതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് (ഓട്ടമോട്ടീവ് ഡിവിഷൻ) പ്രവീൺ ഷാ അവകാശപ്പെട്ടു. ഇതുവരെ വാഹനം ബുക്ക് ചെയ്തവർക്ക് ‘കെ യു വി 100’ കൈമാറാൻ മൂന്നു മാസത്തെ ഉൽപ്പാദനം വേണ്ടി വരും; മാത്രമല്ല, പ്രതിദിനം 450 — 500 പുതിയ ഓർഡറുകളും ലഭിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ‘കെ യു വി 100’ ഉൽപ്പാദനം പ്രതിമാസം 8,500 യൂണിറ്റായി ഉയർത്താൻ കമ്പനി തീരുമാനിച്ചതെന്നു ഷാ വിശദീകരിച്ചു. നേരത്തെ മാസം തോറും 5,500 ‘കെ യു വി 100’ നിർമിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. ‘കെ യു വി 100’, ‘എക്സ് യു വി 500’ മോഡലുകൾ ചേർന്ന് പ്രതിവർഷം 1.10 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനശേഷിയാണു നിലവിൽ കമ്പനിക്കുള്ളത്.

ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ ‘കെ യു വി 100’ കയറ്റുമതി ചെയ്യാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. തുടക്കത്തിൽ അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ദക്ഷിണ ആഫ്രിക്കയിലേക്കും ‘കെ യു വി 100’ കയറ്റുമതി ചെയ്യാനാണു കമ്പനിയുടെ തീരുമാനമെന്നു ഷാ വിശദീകരിച്ചു.

എൻട്രി ലവൽ വിഭാഗത്തിൽ എസ് യു വികളോടു വിപണിക്കുള്ള പ്രിയം മഹീന്ദ്രയ്ക്കു മാത്രമല്ല ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കും ഗുണമായിരുന്നു. സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പകിട്ടോടെ കമ്പനി അവതരിപ്പിച്ച ‘ക്വിഡി’ന് ഉജ്വല വരവേൽപ്പാണു വിപണി നൽകിയത്. നിരത്തിലെത്തി അഞ്ചു മാസത്തിനുള്ളിൽ 90,000 ബുക്കിങ്ങുകളും ‘ക്വിഡ്’ സ്വന്തമാക്കി. 2013ൽ അരങ്ങേറ്റം കുറിക്കുമ്പോൾ കോംപാക്റ്റ് എസ് യു വിയായ ഫോഡ് ‘ഇകോസ്പോർട്ടി’നും വിപണി സമാന വരവേൽപ്പാണു നൽകിയത്. ആവശ്യക്കാരുടെ എണ്ണം പ്രതീക്ഷകളെ കടത്തിവെട്ടിയതോടെ ‘ഇകോ സ്പോർട്’ ബുക്കിങ് നിർത്തിവയ്ക്കാൻ പോലും ഫോഡ് നിർബന്ധിതരായി.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ 51% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണു മഹീന്ദ്രയുടെ കണക്ക്. അതേസമയം കാർ വിൽപ്പനയിൽ ഇക്കാലത്തിനിടെ ഏഴു ശതമാനത്തോളം ഇടിവാണു നേരിട്ടത്. ഇതോടെ മൊത്തം വാഹന വിപണിയിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിഹിതം മൂന്നു വർഷം മുമ്പ് 15% ആയിരുന്നത് ഇപ്പോൾ 23% ആയും ഉയർന്നു.