ട്രാക്ടറിൽ പുതുശ്രേണിയായി മഹീന്ദ്ര ‘യുവൊ’

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ‘യുവൊ’ ശ്രേണിയിൽ അഞ്ചു പുതിയ ട്രാക്ടറുകൾ പുറത്തിറക്കി. ഹൈദരബാദ് ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു പുതിയ ട്രാക്ടറുകളുടെ വില. തുടക്കത്തിൽ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പുതിയ ‘യുവൊ’ ശ്രേണി വിൽപ്പനയ്ക്കുണ്ടാവും. 30 — 45 എച്ച് പി കരുത്തുള്ള ട്രാക്ടറുകളാണു കമ്പനി പുതുതായി പുറത്തിറക്കിയത്. നിലവിൽ 15 മുതൽ 57 എച്ച് പി വരെ ശേഷിയുള്ള ട്രാക്ടറുകളാണു മഹീന്ദ്ര വിൽപ്പനയ്ക്കെത്തിക്കുന്നത്.പുത്തൻ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച ‘യുവൊ’ ശ്രേണി കാർഷിക മേഖലയിൽ മുപ്പതോളം ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്താമെന്നു മഹീന്ദ്ര വിശദീകരിക്കുന്നു.

300 കോടിയോളം രൂപ ചെലവിലാണു കമ്പനി ‘യുവൊ’ ശ്രേണിക്കുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. 15 സംസ്ഥാനങ്ങളിലായി നാനൂറോളം ഡീലർഷിപ്പുകളാണു മഹീന്ദ്രയുടെ ട്രാക്ടർ വിഭാഗത്തിനുള്ളത്. പുരോഗതി പ്രതീക്ഷിക്കുന്ന കർഷകരുടെ പുത്തൻ ആവശ്യങ്ങൾ സഫലമാക്കാൻ ലക്ഷ്യമിട്ടാണു ‘യുവൊ’യുടെ വരവെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. ചെന്നൈ മഹീന്ദ്ര റിസർച് വാലിയിലെ അത്യാധുനിക ഗവേഷണ, വികസന കേന്ദ്രത്തിലാണു പുതിയ ശ്രേണി തയാറായത്. പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന ‘യുവൊ’ ഉപയോക്താക്കൾക്കു മുടക്കുന്ന പണത്തിനു കൂടുതൽ മൂല്യവും ഉറപ്പു നൽകുന്നതായി ഗോയങ്ക വിശദീകരിച്ചു.