Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിനിൻഫരിനയും മഹീന്ദ്രയുമായി ബ്രാൻഡ് ലൈസൻസ് ധാരണ

mahindra-pininfarina

വ്യാപാരനാമം ഉപയോഗിക്കാനായി ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുമായി ബ്രാൻഡ് ലൈസൻസ് കരാർ ഒപ്പിട്ടതായി യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ടൂറിൻ ആസ്ഥാനമായ പിനിൻഫരിനയിലെ 76.06% ഓഹരികൾ നിലവിൽ മഹീന്ദ്രയുടെ പക്കലാണ്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ അഞ്ചു കോടിയോളം യൂറോ(ഏകദേശം 370 കോടി രൂപ) മുടക്കിയാണു കഴിഞ്ഞ വർഷം പിനിൻഫരിനയെ മഹീന്ദ്ര സ്വന്തമാക്കിയത്. സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ് പി വി) രൂപീകരിച്ചായിരുന്നു മഹീന്ദ്ര ഈ ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. നഷ്ടത്തിലായിരുന്ന ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എയെ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനമായ ടെക് മഹീന്ദ്രയുമായി ചേർന്നാണ് എം ആൻഡ് എം കഴിഞ്ഞ ഡിസംബറിൽ സ്വന്തമാക്കിയത്. ഫെറാരിയും മസെരാട്ടിയും റോൾസ് റോയ്സും കാഡിലാക്കുമടക്കമുള്ള ലോകപ്രശസ്ത കാറുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിനയുടെ 60% ഓഹരികൾ ടെക് മഹീന്ദ്രയ്ക്കാവുമെന്നാണ് എം ആൻഡ് എം നേരത്തെ വ്യക്തമാക്കിയത്.അവശേഷിക്കുന്ന 40% ഓഹരികൾ എം ആൻഡ് എം തന്നെ ഏറ്റെടുക്കും.

ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ മോഹിക്കുന്ന മഹീന്ദ്രയെ അടുത്ത തലത്തിലെത്തിക്കാൻ പിനിൻഫരിനയ്ക്കു കഴിയുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ. പിനിൻഫരിനയുടെ ബ്രാൻഡ് മൂല്യത്തിനൊപ്പം ഡിസൈൻ, എൻജീനീയറിങ് രംഗങ്ങളിലെ വൈദഗ്ധ്യവും മുതലെടുക്കാനാണു മഹീന്ദ്രയുടെ ശ്രമം.ഇടപാട് പൂർത്തിയാവുമ്പോൾ എസ് പി വി പിനിൻഫരിനയുടെ 76.06% ഓഹരികൾ സ്വന്തമാക്കിക്കഴിഞ്ഞതായി മഹീന്ദ്ര വെളിപ്പെടുത്തി. ഒപ്പം പിനിൻഫരിന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരനാമങ്ങൾ ഉപയോഗിക്കാനായി ബ്രാൻഡ് ലൈസൻസ് കരാറും ഒപ്പുവച്ചു കഴിഞ്ഞു. കമ്പനിയുടെ മോഡലുകളിൽ പിനിൻഫരിന ബ്രാൻഡ് നാമം ഉപയോഗിക്കാനും കരാറിൽ വ്യവസ്ഥയുണ്ടെന്നു മഹീന്ദ്ര ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.

ഇന്ത്യൻ വിപണിക്കായി പുതിയ പ്രീമിയം കാർ നിർമിക്കാൻ പിനിൻഫരിന എസ് പി എയുടെ സഹകരണം തേടുമെന്നു മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണിയിൽ മത്സരം ശക്തമായ സാഹചര്യത്തിലാണ് എം ആൻഡ് എം പ്രീമിയം കാർ വിഭാഗത്തിലേക്കു ചുവടു മാറ്റാൻ തയാറെടുക്കുന്നത്. എസ് യു വികൾക്കൊപ്പം ട്രാക്ടർ നിർമാണത്തിലും മുൻപന്തിയിലുള്ള എം ആൻഡ് എമ്മിൽ നിന്നുള്ള പ്രീമിയം കാർ സംബന്ധിച്ച വിശദാംശങ്ങൾ ഏതാനും മാസത്തിനകം പ്രതീക്ഷിക്കാമെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. മിക്കവാറും നാലു വർഷത്തിനുള്ളിൽ ഈ കാർ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

Your Rating: