Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്യുഷൊയെ ഇന്ത്യയിലെത്തിക്കാനൊരുങ്ങി മഹീന്ദ്ര

peugeot-django-evasion Peugeot Django Evasion

ഇന്ത്യൻ ഇരുചക്രവാഹന വിഭാഗത്തിൽ സ്വന്തം ഇടം ഉറപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊ മോട്ടോർ സൈക്കിൾസി(പി എം ടി സി)ന്റെ സഹായം തേടുന്നു. കമ്പനിക്കു ഭൂരിപക്ഷ ഓഹരിയുള്ള പ്യുഷൊ മോട്ടോർ സൈക്കിൾസിൽ നിന്നുള്ള ചില മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു നില മെച്ചപ്പെടുത്താനാണു മഹീന്ദ്രയുടെ നീക്കം. ഉപസ്ഥാപനമായ മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡും ഫ്രഞ്ച് ഉപസ്ഥാപനമായ പ്യുഷൊ മോട്ടോർ സൈക്കിൾസുമായുള്ള സഹകരണം വർധിപ്പിക്കാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. പുതിയ സ്കൂട്ടറുകളുടെ വികസനത്തിൽ പ്യുഷൊയുടെ പങ്കാളിത്തം തേടുന്നതിനൊപ്പം ഇരു കമ്പനികൾക്കും ആവശ്യമുള്ള യന്ത്രഘടകങ്ങൾ ഒരുമിച്ചു സമാഹരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ഒപ്പം ഏകോപനം സാധ്യമാവുന്ന മേഖലകളിലേക്കെല്ലാം ഇരുകമ്പനികളുടെയും സഹകരണം വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

peugeot-streetzone Peugeot Streetzone

പ്യുഷൊ മോട്ടോർ സൈക്കിൾസിൽ നിന്നുള്ള മോഡലുകൾ ഇന്ത്യയിലെത്തുമെന്ന് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക സ്ഥിരീകരിച്ചു. ഇതിനുള്ള നടപടികൾ പുരോഗതിയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സോഴ്സിങ് അടക്കമുള്ള മേഖലകളിൽ ഇരുകമ്പനികളും സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യതയാണു പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രകടനം തൃപ്തികരമല്ലെങ്കിലും ശക്തമായ ബ്രാൻഡാണു പ്യുഷൊയെന്നു ഗോയങ്ക വിലയിരുത്തി. എങ്കിലും കമ്പനിയുടെ കഴിവിലും സാധ്യതകളിലും മഹീന്ദ്രയ്ക്കു തെല്ലും വിശ്വാസക്കുറവില്ല. മഹീന്ദ്ര ടു വീലേഴ്സിന്റെ മൂല്യം മെച്ചപ്പെടുത്താനുള്ള ഉദ്യമങ്ങളിൽ പി എം ടി സിയുടെ സഹകരണം ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

peugeot-citystar Peugeot Citystar

ഫ്രാൻസ് ആസ്ഥാനമായ പി എസ് എ ഗ്രൂപ്പിൽ നിന്ന് 2.80 കോടി യൂറോ(ഏകദേശം 206 കോടി രൂപ) മുടക്കിയാണ് മഹീന്ദ്ര ടൂ വീലേഴ്സ് കഴിഞ്ഞ വർഷം പി എം ടി സിയിലെ 51% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്. കരാർ പ്രകാരം പി എം ടി സിയിലെ വികസനപദ്ധതികളുടെ പൂർത്തീകരണത്തിനായി മഹീന്ദ്ര ടു വീലേഴ്സ് 1.50 കോടി യൂറോ(ഏകദേശം 110 കോടി രൂപ) നിക്ഷേപിക്കുകയും ചെയ്തു. അതിനിടെ സ്കൂട്ടർ വിപണിയിൽ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയോയുടെ ‘വെസ്പ’ ശ്രേണിയെ നേരിടാൻ മഹീന്ദ്ര തയാറെടുക്കുന്നതായും സൂചനയുണ്ട്. യൂറോപ്യൻ വിപണികളിൽ ‘വെസ്പ’യുടെ പ്രധാന എതിരാളികളാണു പ്യുഷൊ സ്കൂട്ടറുകൾ; ഇന്ത്യയിലും പ്യുഷൊ സ്കട്ടറുകൾ അവതരിപ്പിച്ചു പ്രീമിയം വിഭാഗത്തിൽ ‘വെസ്പ’യെ വെല്ലുവിളിക്കാനാണത്രെ മഹീന്ദ്ര ടു വീലേഴ്സിന്റെ ആലോചന.

Your Rating: