Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ‘മോജൊ’ എത്തി

Mahindra Mojo 300 മഹീന്ദ്ര മോജൊ 300

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ടു വീലേഴ്സിൽ നിന്നുള്ള പുതിയ മോട്ടോർ സൈക്കിളായ ‘മോജൊ’ വിൽപ്പനയ്ക്കെത്തി. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ, ഇറിഡിയം സ്പാർക്ക് പ്ലഗ്, റെസൊണേറ്റർ ഫിറ്റഡ് ഇൻടേക്ക് സിസ്റ്റം, ഇരട്ട എക്സോസ്റ്റ് എന്നിവയെല്ലാമായി 300 സി സി എൻജിന്റെ കരുത്തോടെ എത്തുന്ന ബൈക്കിന്റെ പ്രാരംഭ വില 1.58 ലക്ഷം രൂപയാണ്(ഡൽഹി ഷോറൂമിൽ). സംഭരണശേഷിയേറിയ, 21 ലീറ്റർ പെട്രോൾ ടാങ്കും ബൈക്കിലുണ്ട്.

ആഗോള പങ്കാളികളുടെ സഹകരണത്തോടെ, ലോകോത്തര നിലവാരം കൈവരിച്ചു പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ച ബൈക്കാണു ‘മോജൊ’യെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. തികഞ്ഞ ബൈക്കിങ് പ്രേമികളെയാണു ‘മോജൊ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും വാഹന വിദഗ്ധരിൽ നിന്നും ഇടപാടുകാരിൽ നിന്നും മികച്ച പ്രതികരണമാണു ലഭികുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോജൊ’ ഉടമകളുടെ കൂട്ടായ്മയായി ‘മോജൊ ട്രൈബി’നു രൂപം നൽകിയതായി എം ആൻഡ് എം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവു(ഫാം എക്വിപ്മെന്റ് ആൻഡ് ടു വീലർ ഡിവിഷൻ)മായ രാജേഷ് ജെജുരികർ അറിയിച്ചു. ദീപാവലി വരെയുള്ള ബുക്കിങ്ങുകൾക്കാണ് ഇപ്പോൾ പ്രഖ്യാപിച്ച വില ബാധകമാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

Mahindra Mojo 300 മഹീന്ദ്ര മോജൊ 300

‘കെ ടി എം 200 ഡ്യൂക്ക്’, ഹോണ്ട ‘സി ബി ആർ 250 ആർ’, ബജാജ് ‘പൾസർ എ എസ് 200’ എന്നിവയോടാണു ‘മോജൊ’യുടെ പോരാട്ടം. 2012ൽ ആശയമെന്ന നിലയിൽ പ്രദർശിപ്പിച്ച ബൈക്കിൽ നിന്ന് അല്ലറ ചില്ലറ മാറ്റങ്ങളോടെയാണു ‘മോജൊ 300’ ഇപ്പോൾ വിൽപ്പനയ്ക്കെത്തുന്നത്. ‘മോജൊ’യെ ഫ്രാൻസിൽ പ്യുഷൊ ആസ്ഥാനത്തേക്ക് അയച്ചതോടെയാണു പരിഷ്കാരങ്ങൾക്കു വഴി തെളിഞ്ഞത്. ഫ്രഞ്ച് എൻജിനീയർമാരിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചതാണത്രെ ഇപ്പോഴത്തെ ‘മോജൊ’യുടെ രൂപകൽപ്പന.

ബൈക്കിന്റെ മുൻഭാഗത്തിന്റെ രൂപകൽപ്പനയിൽ പ്രായോഗിക സമീപനം സ്വീകരിച്ച മഹീന്ദ്ര, ഇരട്ട ഹെഡ് ലാംപുകളും പരിഷ്കരിച്ചു. ഒപ്പം അനലോഗ് ടാക്കോമീറ്റർ സഹിതമുള്ള ഡിജിറ്റൽ സ്പീഡോമീറ്ററിൽ ഗീയർ ഷിഫ്റ്റ് ലൈറ്റും ഇന്ധനം കുറഞ്ഞാൽ മുന്നറിയിപ്പ് നൽകാനുള്ള ഇൻഡിക്കേറ്ററും ഇടം പിടിച്ചു. റേഡിയൽ ബ്രേക്ക്, യു എസ് ഡി ഫോർക്ക്, പിരെലി സ്പോർട് ഡിമൺ ടയർ എന്നിവയോടെയെത്തുന്ന ബൈക്കിനു കരുത്തേകുക 299.5 സി സി, ലിക്വിഡ് കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ്. 8000 ആർ പി എമ്മിൽ പരമാവധി 27 ബി എച്ച് പി കരുത്തും 6000 ആർ പി എമ്മിൽ 30 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടാകുന്നത് ആറു സ്പീഡ് ട്രാൻസ്മിഷനാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.