പുതുവർഷത്തിൽ വില കൂട്ടുമെന്നു മഹീന്ദ്രയും

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു മുംബൈ ആസ്ഥാനമായ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവിലുണ്ടായ വർധന പരിഗണിച്ച് ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വാഹന വില 26,500 രൂപ വരെ ഉയർത്താനാണു കമ്പനിയുടെ തീരുമാനം. അടുത്ത മാസം മുതൽ വാഹന വില 0.5 മുതൽ 1.1% ശതമാനം വരെ വർധിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് (ഓട്ടമോട്ടീവ് ഡിവിഷൻ) പ്രവീൺ ഷാ അറിയിച്ചു. വിവിധ മോഡലുകളുടെ വിലയിൽ 3,000 മുതൽ 26,500 രൂപയുടെ വരെ വർധനയാണു നിലവിൽ വരികയെന്നും ഷാ വിശദീകരിച്ചു.

കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും പുറമെ ചെറു വാണിജ്യ വാഹന(എസ് സി വി) വിലയും എം ആൻഡ് എം വർധിപ്പിക്കുന്നുണ്ട്. മൂന്നര ടൺ വരെ ഭാരവാഹക ശേഷിയുള്ള എസ് സി വി കളുടെ വിലയിൽ 1,500 — 6,000 രൂപയുടെ വില വർധനയാണു നടപ്പാവുക. ലോഹങ്ങളടക്കം വാഹന നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയിൽ വൻവർധനയാണു കുറച്ചുകാലമായി നേരിടുന്നതെന്നു ഷാ വെളിപ്പെടുത്തി. പോരെങ്കിൽ ഇന്ധന വിലയും കടത്തു കൂലിയും ഗണ്യമായി ഉയർന്നു. ഇതിനു പുറമെ മലിനീകരണ നിയന്ത്രണ നിലവാരത്തിൽ വരുത്തിയ മാറ്റങ്ങളും ചെലവ് ഉയരാൻ കാരണമായിട്ടുണ്ട്.

‘കെ യു വി 100’ മുതൽ പ്രീമിയം എസ് യു വിയായ സാങ്യങ് ‘റെക്സ്റ്റൻ’ വരെ നീളുന്നതാണു മഹീന്ദ്രയുടെ യാത്രാവാഹന ശ്രേണി; ഡൽഹി ഷോറൂമിൽ 4.58 ലക്ഷം മുതൽ 24.86 ലക്ഷം രൂപ വരെയാണു വാഹനങ്ങൾക്കു വില. കൂടാതെ എസ് സി വി വിഭാഗത്തിൽ ത്രിചക്ര വാഹനങ്ങളായ ‘ആൽഫ’യും ‘ഇംപീരിയൊ’യും കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. മുംബൈ ഷോറൂമിൽ 1.76 ലക്ഷം രൂപ മുതൽ 7.35 ലക്ഷം രൂപയാണ് ഇവയുടെ വില. പ്രമുഖ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, നിസ്സാൻ, റെനോ, ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, മെഴ്സീഡിസ് ബെൻസ്, ഇസൂസു തുടങ്ങിയവരെല്ലാം പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്രവാഹന വിഭാഗത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡും ജനുവരി മുതൽ പ്രാബല്യത്തോടെ 1,500 രൂപ വരെ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.