Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര ഇനി ഐ സി വി വിപണിയിലേക്ക്

Mahindra and Mahindra

എട്ടു മുതൽ 16 ടൺ വരെ ഭാരവാഹക ശേഷിയുള്ള ഇടത്തരം വാണിജ്യ വാഹന(ഐ സി വി) വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചു സാന്നിധ്യം ശക്തമാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ഒരുങ്ങുന്നു. 2020 ആകുമ്പോഴേക്ക് വിപണി വിഹിതം ഇരട്ടിയായി ഉയർത്തി ഏഴു ശതമാനത്തിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. നിലവിൽ മൂന്നര മുതൽ ഏഴു ടൺ വരെയും 25 മുതൽ 49 ടൺ വരെയും ഭാരവാഹക ശേഷിയുള്ള വാണിജ്യവാഹനങ്ങളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കുള്ളത്.

ഇടത്തരം വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനായി മൂന്നു പ്ലാറ്റ്ഫോമുകളാണു വികസന ഘട്ടത്തിലുള്ളതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ട്രക്ക് ആൻഡ് പവർട്രെയ്ൻ ഡിവിഷൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ രാജൻ വധേര വെളിപ്പെടുത്തി. ഐ സി വി കൂടി എത്തുന്നതോടെ മഹീന്ദ്രയുടെ വാണിജ്യ വാഹന ശ്രേണി സമ്പൂർണമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഐഷർ മോട്ടോഴഅസും ടാറ്റ മോട്ടോഴ്സുമാണ് ഇടത്തരം വാണിജ്യ വാഹന വിപണി വാഴുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനുള്ള മഹീന്ദ്രയുടെ സ്വപ്നം എളുപ്പമാവില്ലെന്നാണു വിലയിരുത്തൽ.

ടാറ്റ മോട്ടോഴ്സും അശോക് ലേയ്ലൻഡും വാഴുന്ന ട്രക്ക് — ബസ് വിപണിയിൽ നാമമാത്ര സാന്നിധ്യമാണു നിലവിൽ മഹീന്ദ്രയ്ക്കുള്ളത്. ഈ സ്ഥിതി മാറ്റാൻ കോടികളുടെ നിക്ഷേപമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു വധേര അറിയിച്ചു. കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നിക്ഷേപമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാണു മഹീന്ദ്ര അവകാശപ്പെടുന്നത്. ഈ വിപണിയിൽ ഒൻപതു ശതമാനം വിഹിതം കമ്പനിക്കുണ്ടെന്നാണ് കണക്ക്. 2020 ആകുമ്പോഴേക്ക് എൽ സി വി വിപണിയുടെ 13% സ്വന്തമാക്കുകയാണു കമ്പനിയുടെ പദ്ധതിയെന്നും വധേര വെളിപ്പെടുത്തി. മീഡിയം വാണിജ്യ വാഹന വിഭാഗത്തിൽ ബസ് മോഡലുകളില്ലെന്ന പോരായ്മയും കമ്പനി വൈകാതെ നികത്തുമെന്ന് അദ്ദേഹം അറിയിച്ചു.