Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തേറിയ ‘ഗസ്റ്റോ’യുമായി മഹീന്ദ്ര; അവതരണം അടുത്ത മാസം

gusto-125 Mahindra Gusto 125

ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ കരുത്തേറിയ വകഭേദം ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സ് അനാവരണം ചെയ്തു. പുണെയ്ക്കടുത്ത് ലവാസയിൽ നടന്ന ചടങ്ങിലാണു കമ്പനി ‘ഗസ്റ്റോ 125’ അവതരിപ്പിച്ചത്. നിലവിൽ 110 സി സി എൻജിനോടെയാണ് ‘ഗസ്റ്റോ’ വിൽപ്പനയ്ക്കുള്ളത്. ഹോണ്ടയുടെ ‘ആക്ടീവ’, ടി വി എസിന്റെ ‘ജുപ്പീറ്റർ’, ഹീറോ മോട്ടോ കോർപിന്റെ ‘പ്ലഷർ’ തുടങ്ങിയവയോടാണു ‘ഗസ്റ്റോ’ മത്സരിക്കുന്നത്. ഫോർ സ്ട്രോക്ക്, 109.6 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണു ‘ഗസ്റ്റോ’യുടേത്; 7500 ആർ പി എമ്മിൽ എട്ടു ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 7.85 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം ‘ഗസ്റ്റോ’ ശ്രേണിയിലെ പുതിയ സ്കൂട്ടറിനു കരുത്തേകുക 124.6 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്. 7,000 ആർ പി എമ്മിൽ പരമാവധി 8.6 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 10 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വേരിയബിൾ റോളർ ട്രാക്ക് സി വി ടി ട്രാൻസ്മിഷനാണു സ്കൂട്ടറിലുള്ളത്.

gusto-125-1 Mahindra Gusto 125

സാങ്കേതികതലത്തിലെ മാറ്റത്തിനപ്പുറം കാഴ്ചയിൽ ഇപ്പോഴത്തെ ‘ഗസ്റ്റോ’യും ‘ഗസ്റ്റോ 125’ സ്കൂട്ടറുമായി കാര്യമായ മാറ്റമില്ല. പുതിയ സ്കൂട്ടറിന്റെ ബോഡിയിലും രൂപകൽപ്പനയിലും സംവിധാനങ്ങളിലും സൗകര്യങ്ങളിലുമൊക്കെ ഇപ്പോഴത്തെ ‘ഗസ്റ്റോ’യോടു പ്രകടമായ സാമ്യമുണ്ട്. 12 ഇഞ്ച് വീൽ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, റിമോട്ട് ഫ്ളിപ് കീ, എൽ ഇ ഡിയുടെ സാന്നിധ്യമുള്ള ഹാലജൻ ഹെഡ്ലാംപ്, സീറ്റിനടിയിലെ വിശാലമായ സംഭരണ സ്ഥലം തുടങ്ങി ഇപ്പോഴത്തെ ‘ഗസ്റ്റോ’യുടെ സവിശേഷതകളെല്ലാം പുതിയ ‘ഗസ്റ്റോ’യിലും മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. അതേസമയം നാലു പുത്തൻ നിറങ്ങളിലാവും ‘ഗസ്റ്റോ 125’ വിൽപ്പനയ്ക്കെത്തുക. ഇരട്ട വർണ സങ്കലനമായ ഓറഞ്ച് റഷ്, ബോൾട്ട് വൈറ്റ്, ഒറ്റ നിറങ്ങളായ മൊണാർക്ക് ബ്ലാക്ക്, റീഗൽ റെഡ്. ഹോണ്ട ‘ആക്ടീവ 125’, സുസുക്കി ‘അക്സസ്’ എന്നിവയെ നേരിടാനെത്തുന്ന ‘ഗസ്റ്റോ 125’ അടുത്ത മാസത്തെ ഓട്ടോ എക്സ്പോയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാനാണു സാധ്യത. തുടർന്ന് രാജ്യവ്യാപകമായി ‘ഗസ്റ്റോ 125’ വിൽപ്പനയ്ക്കെത്തുമെന്നാണു നിർമാതാക്കൾ നൽകുന്ന സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.