Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര വൈസ് പ്രസിഡന്റ് ജ്യോതി മൽഹോത്ര കമ്പനി വിട്ടു

Mahindra and Mahindra

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഓട്ടോ ഡിവിഷൻ വിൽപ്പന വിഭാഗം വൈസ് പ്രസിഡന്റായിരുന്ന ജ്യോതി മൽഹോത്ര കമ്പനി വിട്ടു. അടുത്ത മാസം വോൾവോ കാഴ്സിന്റെ വിൽപ്പന — വിപണന ചുമതലയുള്ള ഡയറക്ടറായി അദ്ദേഹം ചുമതലയേൽക്കുമെന്നാണു സൂചന. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയിൽ വിൽപ്പന വിഭാഗം മേധാവിയായിരുന്ന അമിത് സാഗറാണു മഹീന്ദ്രയിൽ മൽഹോത്രയുടെ പിൻഗാമിയായി എത്തുന്നത്. ജ്യോതി മൽഹോത്രയുടെ രാജി മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. പുതിയ വൈസ് പ്രസിഡന്റി(സെയിൽസ്)നു ചുമതല കൈമാറുന്ന തിരക്കിലാണ് മൽഹോത്രയെന്നും കമ്പനി വക്താവ് വിശദീകരിച്ചു.

മിക്കവാറും ഓഗസ്റ്റ് മൂന്നാം വാരത്തിൽ മൽഹോത്ര വോൾവോ കാഴ്സിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണു സൂചന. വോൾവോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രോഫിനു കീഴിലാവും അദ്ദേഹത്തിന്റെ പ്രവർത്തനം.ഫ്രാൻസിൽ നിന്നുള്ള റെനോയുമായി ചേർന്നു മഹീന്ദ്ര ആരംഭിച്ച മഹീന്ദ്ര റെനോയുടെ സെയിൽസ് ആൻഡ് ചാനൽ മാർക്കറ്റിങ് മേധാവിയായി 2008ലാണു ജ്യോതി മൽഹോത്ര എം ആൻഡ് എമ്മിലെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം അദ്ദേഹം എം ആൻഡ് എം ഓട്ടമോട്ടീവ് ഡീവിഷന്റെ ഉത്തര മേഖലയുടെ ബിസിനസിന്റെ ചുമതലയേറ്റെടുത്തു. ഈ തസ്തികയിൽ 2014 വരെ തുടർന്ന ശേഷമാണു മൽഹോത്ര കമ്പനിയുടെ സെയിൽസ് വൈസ് പ്രസിഡന്റായത്.

മിചിഗൻ സർവകലാശാലയിൽ പഠിച്ച ജ്യോതി മൽഹോത്ര 1995ൽ ഫിയറ്റ് ഇന്ത്യയ്ക്കൊപ്പമാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2000 മുതൽ 2008 വരെ അദ്ദേഹം മാരുതി സുസുക്കി ഇന്ത്യയിലായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ഡിവിഷനിൽ വിൽപ്പന, പ്രോഡക്ട് പ്ലാനിങ് വിഭാഗങ്ങളിലായി ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച അമിത് സാഗർ കഴിഞ്ഞ വർഷമാണു സ്കോഡ ഓട്ടോയിലേക്കു ചേക്കേറിയത്. ഡൽഹി സർവകലാശാലയിൽ നിന്നു മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ സാഗർ 2001 മുതൽ 2008 വരെ മാരുതി സുസുക്കി ഇന്ത്യയ്ക്കൊപ്പവും പ്രവർത്തിച്ചിരുന്നു.

Your Rating: