Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെർജിയൊ മാർക്കിയോണി ഇനി ഫെറാരി സി ഇ ഒ

ferrari

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി എൻ വിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി സെർജിയൊ മാർക്കിയോണി നിയമിതനായി. നിലവിൽ കമ്പനിയുടെ ചെയർമാനാണു മാർക്കിയോണി. കഴിഞ്ഞ ജനുവരി — മാർച്ച് ത്രൈമാസത്തിൽ കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനഫലം പ്രഖ്യാപിച്ച പിന്നാലെയാണു ഫെറാരി മാർക്കിയോണിയെ സി ഇ ഒ പദത്തിൽ അവരോധിച്ചത്. 2015 ജനുവരി — മാർച്ച് പാദത്തിൽ 6.50 കോടി യൂറോ(ഏകദേശം 497.76 കോടി രൂപ) അറ്റാദായം നേടിയ കമ്പനി കഴിഞ്ഞ ജനുവരി — മാർച്ച് കാലത്തു നേടിയ ലാഭം 7.8 കോടി യൂറോ( 597.31 കോടിയോളം രൂപ): 19% വർധന.


ഫെറാരിയിൽ 26 വർഷത്തെ സേവനം പൂർത്തിയാക്കുന്ന സി ഇ ഒ അമിഡിയൊ ഫിലിസയുടെ പകരക്കാരനായാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് (എഫ് സി എ) എൻ വിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൂടിയായ മാർക്കിയോണി ചുമതലയേൽക്കുന്നത്. സി ഇ ഒ സ്ഥാനം ഒഴിഞ്ഞാലും ഫെലിസ ഫെരാരിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായി തുടരും.കഴിഞ്ഞ ജനുവരി — മാർച്ച് ത്രൈമാസത്തിലെ കാർ വിൽപ്പന മുൻ വർഷം ഇതേകാലത്തെ അപേക്ഷിച്ച് 15% വർധിച്ച് 1,882 യൂണിറ്റായെന്നും വടക്കൻ ഇറ്റലിയിലെ മാരനെല്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെറാരി അറിയിച്ചു. ഇക്കാലത്തിനിടെ കമ്പനിയുടെ വരുമാനമാവട്ടെ ഒൻപതു ശതമാനത്തോളം ഉയർന്ന് 67.5 കോടി യൂറോ(5169.05 കോടി രൂപ) ആയി.


രാജ്യാന്തരതലത്തിൽ ആൽഫ റോമിയോ ബ്രാൻഡ് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി 2018നു മുമ്പ് ഇറ്റാലിയൻ നിർമാണശാലകളിലെ തൊഴിലവസരങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നു മാർക്കിയോണി അറിയിച്ചു. ലാഭക്ഷമതയേറിയ പ്രീമിയം ബ്രാൻഡുകളായ ആൽഫ റോമിയോയുടെയും മസെരാട്ടിയുടെയും ശാലകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുകയാണ് എഫ് സി എയുടെ ബിസിനസ് തന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതോടെയാണ് എഫ് സി എ ആൽഫ റോമിയോ കാർ നിർമാണം കുറച്ചത്. എന്നാൽ അടുത്തയിടെ ചൈന സന്ദർശിച്ചപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ സൂചനകൾ ദൃശ്യമായിരുന്നെന്ന് മാർക്കിയോണി അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ അടുത്ത വർഷം ആദ്യം പുതിയ ‘ഗിലിയ’ സെഡാൻ ചൈനീസ് വിപണിയിൽ അവതരിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.

Your Rating: