Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം ഹാച്ചുകളിൽ ‘ബലേനൊ’ തരംഗം

Maruti Baleno

പ്രീമിയം ഹാച്ച്ബാക്കായ ‘ബലോനൊ’യ്ക്ക് ഇന്ത്യയിൽ ദിവസം 1,000 ബുക്കിങ് വരെ ലഭിക്കുന്നുണ്ടെന്നു നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). കഴിഞ്ഞ മാസം പകുതി വരെ പുതിയ ‘ബലേനൊ’ സ്വന്തമാക്കാൻ 21,000 പേരാണു രംഗത്തുണ്ടായിരുന്നത്. ഒക്ടോബറിൽ ഈ കാറിന്റെ വിൽപ്പനയാവട്ടെ 4,229 യൂണിറ്റുമായിരുന്നു. എന്നാൽ ഉത്സവ സീസൺ സമാപിച്ചിട്ടും ‘ബലേനൊ’യ്ക്കുള്ള ആവശ്യം കുറഞ്ഞിട്ടില്ലെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. ‘ബലേനൊ’യ്ക്ക് 700 — 800 ബുക്കിങ് ലഭിച്ച ദിവസങ്ങൾ കുറവല്ലെന്നാണു നിർമാതാക്കളുടെ പക്ഷം; അപൂർവം ചില ദിവസങ്ങളിലാവട്ടെ ബുക്കിങ് ആയിരത്തിനു മുകളിലെത്തുന്നുമുണ്ടത്രെ.

Maruti Baleno

ഈ കണക്കുകൾ വിശ്വസിക്കാമെങ്കിൽ തകർപ്പൻ പോരാളിയെയായണു ‘ബലേനൊ’യിലൂടെ മാരുതി സുസുക്കിക്കു കൈവന്നിരിക്കുന്നത്. അതേസമയം, ബുക്കിങ് നടത്തുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ പുതിയ ‘ബലേനൊ’ കൈമാറാനും മാരുതി സുസുക്കി പ്രത്യേക ശ്രദ്ധ പുലർത്തേണ്ടി വരും. ഈ പശ്ചാത്തലത്തിലാവണം പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ നേതൃസ്ഥാനം സ്വന്തമാക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടത്. മൊത്തം 1,060 കോടി രൂപ ചെലവിലാണു മാരുതി സുസുക്കി ‘ബലേനൊ’ വികസനവും നിർമാണവും പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ ഹരിയാനയിലെ മനേസാറിൽ മാത്രം നിർമിക്കുന്ന ഈ കാർ യൂറോപ്പിലും ജപ്പാനിലും ദക്ഷിണ അമേരിക്കയിലുമൊക്കെയായി നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Maruti Baleno

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു ‘ബലേനൊ’ വിൽപ്പനയ്ക്കുള്ളത്; 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.

Maruti Baleno

ഇന്ത്യയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിനു ഡൽഹി ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു വില. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർ ബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.