Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തു കൂട്ടി ബലേനൊ എത്തുന്നു

Baleno Maruti Baleno

കഴിഞ്ഞ വർഷമാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. കാഴ്ചപ്പകിട്ടും പ്രീമിയം അകത്തളവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി എത്തിയ ‘ബലേനൊ’യ്ക്കു വിമർശകരും ആരാധകരും ഉജ്വല സ്വീകരണമാണു നൽകിയത്. അവതരണ വേളയിൽ ‘സ്വിഫ്റ്റി’ലെ ഡീസൽ, പെട്രോൾ എൻജിനുകളോടെയാണു ‘ബലേനൊ’ എത്തിയത്. എന്നാൽ കരുത്തേറിയ, ഒരു ലീറ്റർ, ബൂസ്റ്റർ ജെറ്റ് ടർബോ ചാർഡ്ജ് എൻജിനുള്ള ‘ബലേനൊ’ അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണു മാരുതി സുസുക്കി. പരമാവധി 91 ബി എച്ച് പി കരുത്തും 130 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.ഇതിനു പുറമെ ശേഷിയേറിയ 1.4 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും ‘ബലേനൊ’ ലഭ്യമാക്കാൻ കമ്പനിക്കു പരിപാടിയുണ്ട്. വിവിധോദ്ദേശ്യ വാഹനമായ ‘എർട്ടിഗ’യ്ക്കും സെഡാനായ മാരുതി സുസുക്കി ‘സിയാസി’നും കരുത്തേകുന്ന ഈ എൻജിനുള്ള ‘ബലേനൊ’ ദക്ഷിണ ആഫ്രിക്കയിൽ മാത്രം വിൽപ്പനയ്ക്കെത്തിക്കാനാണു സുസുക്കിയുടെ പദ്ധതി. പരമാവധി 110 ബി എച്ച് പി വരെ കരുത്തും 130 എൻ എം ടോർക്കുമാണത്രെ ഈ എൻജിൻ സൃഷ്ടിക്കുക.

baleno-interior Maruti Baleno Interior

ദക്ഷിണ ആഫ്രിക്കയിലേക്കുള്ള ‘ബലേനൊ’യ്ക്കായി ‘എർട്ടിഗ’യുടെയും ‘സിയാസി’ന്റെയും എൻജിൻ മാത്രമല്ല, ട്രാൻസ്മിഷനും മാരുതി സുസുക്കി കടമെടുക്കുന്നുണ്ട്. ഇതോടെ അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളോടെ ‘ബലേനൊ’ ദക്ഷിണ ആഫ്രിക്കയിൽ ലഭ്യമാവും. അതേസമയം ഡീസൽ വിഭാഗത്തിൽ ഇന്ത്യയിലെ കാറിലുള്ള 1.3 ലീറ്റർ, ഡി ഡി ഐ എസ് എൻജിൻ തന്നെയാവും ആഫ്രിക്കൻ വിപണിയിലും ‘ബലേനൊ’യ്ക്കു കരുത്തേകുകയെന്ന് ഏറെക്കുറെ ഉറപ്പാണ്.ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന ‘ബലേനൊ’യുടെ നിർമാണം മാരുതി സുസുക്കിയുടെ മനേസാർ ശാലയിലാണ്.

baleno-rear-view Maruti Baleno

1.2 ലീറ്റർ, കെ സീരീസ്, വി വി ടി പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളോടെ ലഭിക്കുന്ന കാറിലെ ട്രാൻസ്മിഷൻ സാധ്യതകൾ അഞ്ചു സ്പീഡ് മാനുവൽ(പെട്രോൾ, ഡീസൽ), സി വി ടി(പെട്രോൾ മാത്രം) ഗീയർബോക്സുകളാണ്. പെട്രോൾ എൻജിൻ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ഡീസൽ എൻജിനിൽ നിന്നു പ്രതീക്ഷിക്കാവുന്നത് 74 ബി എച്ച് പി വരെ കരുത്തും 190 എൻ എം ടോർക്കുമാണ്. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർ ബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.