Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ ജി ടിയുടെ ഡീസൽ വിലക്കിനെതിരെ ആർ സി ഭാർഗവ

maruti-suzuki

പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചതു കൊണ്ടുമാത്രം രാജ്യതലസ്ഥാനത്തെ അന്തരീക്ഷ വായുവിന്റെ നിവാരം മെച്ചപ്പെടുമോ എന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവയ്ക്കു സംശയം. അന്തരീക്ഷ വായുവിന്റെ പുരോഗതി എന്തായാലും വിലക്ക് രാജ്യത്തെ വാഹന വ്യവസായത്തിനു വൻതിരിച്ചടിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്ന രണ്ടു ലക്ഷത്തോളം വാഹന ഉടമകൾക്ക് അവരുടെ വാദം ഉന്നയിക്കാൻ അവസരം നൽകാതെ, ആസ്തിയെന്നു കരുതിയതൊക്കെ ഒറ്റ ദിവസം കൊണ്ട് പാഴ്വസ്തുവായി മാറിയെന്നു പ്രഖ്യാപിക്കുന്നതിന്റെ യുക്തിരാഹിത്യവും ഭാർഗവ ചോദ്യം ചെയ്തു.

കാൺപൂർ ഐ ഐ ടി നടത്തിയ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കാറുകളുടെ സംഭാവന 2.2% മാത്രമാണെന്നു കണ്ടെത്തിയിരുന്നെന്നും ഭാർഗവ ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ഡീസൽ കാറുകൾ വിലക്കിയതു വഴി അന്തരീക്ഷവായുവിൽ ഗണ്യമായ മാറ്റമുണ്ടാവുന്നത് എങ്ങനെയന്നു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തരീക്ഷ വായുവിന്റെ കാര്യത്തിൽ മാറ്റം സംഭവിച്ചാലും ഇല്ലെങ്കിലും വാഹന വ്യവസായത്തിന് ഈ വിലക്ക് കനത്ത തിരിച്ചടിയാണ്. പോരെങ്കിൽ നിലവിലുള്ള നിയമങ്ങൾ പാലിച്ചാണു ഡൽഹിയിലെ രണ്ടു ലക്ഷത്തോളം കാർ ഉടമകൾ ഇത്തരം വാഹനങ്ങൾ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇവർ ചെയ്ത തെറ്റ് എന്താണെന്നു തനിക്കു മനസ്സിലാവുന്നില്ല.

വാഹന ഉടമകളുടെ ഭാഗം കേൾക്കാതെയാണ് അവരുടെ ആസ്തികളെ വെറും പഴംപാട്ടയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരമൊരു നടപടി ന്യായമാണോ എന്നും നീതീകരിക്കാവുന്നതാണോയെന്നുമൊക്കെ ബന്ധപ്പെട്ടവരാണ് ആലോചിക്കേണ്ടത്. വിലക്കിൽ കുടുങ്ങിയവരിൽ പലർക്കും ഈ വാഹനങ്ങൾ ജീവിതമാർഗമണെന്നും ഭാർഗവ ഓർമിപ്പിച്ചു. ബദൽ മാർഗമൊന്നും ചൂണ്ടിക്കാട്ടാതെയാണു രാജ്യതലസ്ഥാന മേഖലയിൽ ഡീസൽ വാഹന ഉപയോഗം വിലക്കിയിരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഈ നടപടി അനീതിയാണെന്നു താൻ വിശ്വസിക്കുന്നതെന്നും ഭാർഗവ വിശദീകരിച്ചു.

ഈ മാസം ആദ്യമാണു 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ(എൻ ജി ടി) ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ എൻ ജി ടി വിലക്ക് വാഹന വിൽപ്പനയെ ബാധിക്കുമോ എന്ന കാര്യത്തിലല്ല തന്റെ ആശങ്കയെന്നായിരുന്നു ഭാർഗവയുടെ നിലപാട്. മാരുതി സുസുക്കി വിലക്കിനു മുമ്പും കാർ വിറ്റിരുന്നു; വിലക്കിനു ശേഷവും വിൽപ്പന തുടരും. മാരുതി ചെയർമാൻ എന്ന നിലിയലോ കാർ നിർമാതാവ് എന്ന നിലയിലോ എല്ലാ താൻ ഈ വിഷയത്തെ സമീപിക്കുന്നത്; അതുകൊണ്ടുതന്നെ തന്റെ പ്രശ്നം കാർ വിൽപ്പനയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഡീസൽ കാറുകൾ വാങ്ങിയിരുന്നവർ വിലക്കിന്റെ ഫലമായി പെട്രോൾ കാർ വാങ്ങുമെന്നതിനാൽ കമ്പനിയുടെ സാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Your Rating: