Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശലക്ഷത്തിളക്കത്തോടെ മാരുതിയുടെ ‘ഡിസയർ’

Maruti Suzuki DZire

മാരുതി സുസുക്കിയിൽ നിന്നുള്ള എൻട്രി ലവൽ സെഡാനായ ‘സ്വിഫ്റ്റ് ഡിസയറി’ന്റെ ഇതുവരെയുള്ള ആകെ വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എൻട്രി ലവൽ സെഡാൻ എന്ന പട്ടം സ്വന്തമാക്കുന്ന ‘ഡിസയറി’ന്റെ മൊത്തം വിൽപ്പന കഴിഞ്ഞ ദിവസമാണ് 10 ലക്ഷത്തിലെത്തിയത്. ഇതോടെ 10 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ച മോഡലുകളുടെ പട്ടികയിൽ ‘ഓൾട്ടോ’യ്ക്കും ‘സ്വിഫ്റ്റി’നും ‘വാഗൺ ആറി’നുമൊപ്പമായി ‘ഡിസയറി’ന്റെയും സ്ഥാനം.

ആഫ്രിക്ക, ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ, സാർക്ക് രാജ്യങ്ങളിലേക്കും സുസുക്കി ഇന്ത്യൻ നിർമിത ‘ഡിസയർ’ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂൺ വരെ അരലക്ഷത്തോളം ‘ഡിസയർ’ ആണു മാരുതി സുസുക്കി കയറ്റുമതി ചെയ്തത്.

സമഗ്ര പാക്കേജ് എന്നതാണു ‘ഡിസയറി’ന്റെ മികവെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ‘മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കൽസി അഭിപ്രായപ്പെട്ടു. നൂതനമായ രൂപകൽപ്പനയും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയും മികച്ച ഇന്ധനക്ഷമതയുമൊക്കെയാണു ‘ഡിസയറി’നെ ജനലക്ഷങ്ങൾക്കു പ്രിയങ്കരമാക്കുന്നതെന്ന് അദ്ദേഹം കരുതുന്നു.

മികവു തെളിയിച്ച ‘സ്വിഫ്റ്റ്’ പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന ‘ഡിസയറി’നു കാഴ്ചപ്പകിട്ടിൽ എതിരാളികളെ അപേക്ഷിച്ചു മുൻതൂക്കം അവകാശപ്പെടാനില്ലെങ്കിലും അകത്തളത്തിലെ സ്ഥലസൗകര്യവും മാരുതിയുടെ കാലം തെളിയിച്ച വിശ്വാസ്യതയുമൊക്കെയാണു കരുത്താവുന്നത്. 2008ൽ നിരത്തിലെത്തിയതു മുതൽ മികച്ച സ്വീകരണം നേടി മുന്നേറുന്ന ‘ഡിസയർ’, എൻട്രി ലവൽ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ മേധാവിത്തവും ഉറപ്പാക്കി.

പെട്രോൾ, ഡീസൽ എൻജിനുകളോടെ ലഭ്യമായ ‘ഡിസയർ’ തകർപ്പൻ ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്യുന്നത്; പെട്രോൾ ലീറ്ററിന് 20.85 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.59 കിലോമീറ്ററും. എൻജിൻ പുഷ് സ്റ്റാർട്ട്/സ്റ്റോപ് ബട്ടൻ, റിവേഴ്സ് പാർക്ക് അസിസ്റ്റ്, ന്യൂ മോഷൻ അലോയ് വീൽ, ബ്ലൂടൂത്ത് സഹിതമുള്ള ഓഡിയോ തുടങ്ങിയവയൊക്കെ കാറിൽ മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിക്കുന്ന ഏകെ സെഡാനും ‘ഡിസയർ’ തന്നെ.

വിൽപ്പനയിലെ ഈ തകർപ്പൻ നേട്ടം ആഘോഷിക്കാൻ മാരുതി സുസുക്കി ഓരു മാസം നീളുന്ന ‘ദ് സ്വീറ്റ്സ് ആർ ഓൺ അസ്’ പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. നിലവിലുള്ള കാർ ഉടമകളുടെ വിലാസം ശേഖരിച്ച് അവർക്കെല്ലാം മധുരപലഹാരം വിതരണം ചെയ്യാനാണു കമ്പനിയുടെ ഒരുക്കം. കൂടാതെ മാളുകളിൽ പ്രമുഖ ചിത്രകാരൻമാരെ പങ്കെടുപ്പിച്ച് ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷനുകൾ സജ്ജീകരിക്കാനും പരിപാടിയുണ്ട്.

അതിനിടെ മാരുതിയുടെ പ്രീമിയം സെഡാനായ ‘സിയാസി’ന്റെ വിൽപ്പനയും അരലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച കാർ മാരുതി സുസുക്കി ദക്ഷിണ ആഫ്രിക്ക, അൾജീരിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും വിൽക്കുന്നുണ്ട്; 9,000 യൂണിറ്റോളമാണ് ഇതുവരെയുള്ള ‘സിയാസ്’ കയറ്റുമതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.