Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷം 10% വിൽപ്പന വളർച്ച പ്രതീക്ഷിച്ചു മാരുതി

Maruti Suzuki Logo

പുതിയ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാനാവുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പ്രതീക്ഷ. 2016 — 17ലെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ച രേഖപ്പെടുത്താനാവുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. അതേസമയം, അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വളർച്ച അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനു മിടയ്ക്കാവുമെന്നും അദ്ദേഹം പ്രവചിച്ചു. പുതിയ അവതരണങ്ങളായ ‘വിറ്റാര ബ്രേസ്സ’യും ‘ബലേനൊ’യുമൊക്കെയാവും കമ്പനിക്കു മികച്ച വിൽപ്പന നേടിക്കൊടുക്കുകയെന്നാണ് അയുകാവയുടെ വിലയിരുത്തൽ.

അരങ്ങേറ്റം കുറിച്ചെങ്കിലും പുതിയ സാമ്പത്തിക വർഷത്തിൽ മാത്രമാവും ‘വിറ്റാര ബ്രേസ്സ’യുടെ വിൽപ്പന കണക്കെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസത്തിനിടെ 12,99,903 വാഹനങ്ങളാണു കമ്പനി വിറ്റത്; 2014 — 15ൽ ഇതേ കാലത്ത് വിറ്റ 11,808,60 യൂണിറ്റിനെ അപേക്ഷിച്ച് 10.1% അധികമാണിത്. 2014 — 15ൽ കമ്പനിയുടെ മൊത്തെ വിൽപ്പന 12,92,415 വാഹനങ്ങളായിരുന്നു. കേന്ദ്ര ബജറ്റ് നിർദേശപ്രകാരം അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി ഏർപ്പെടുത്തിയ സെസ് മൂലം വാഹന വില ഉയർന്നതു വിൽപ്പനയെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ അധിക ബാധ്യതയുടെ പ്രത്യാഘാതം എന്താവുമെന്നു പ്രവചിക്കാനാവില്ലെന്നും അയുകാവ വ്യക്തമാക്കി.

Your Rating: