Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാക്ടറി കൈമാറ്റം: അനുമതി വൈകില്ലെന്നു മാരുതി

MSIL

ഗുജറാത്തിലെ നിർദിഷ്ട കാർ നിർമാണശാലയുടെ ഉടമസ്ഥാവകാശം മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനു കൈമാറുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ സുപ്രധാന അനുമതി വൈകില്ലെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)നു പ്രതീക്ഷ. ഗുജറാത്ത് സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷമാവും ഈ വിഷയത്തിൽ മാരുതി സുസുക്കി ന്യൂനപക്ഷ ഓഹരി ഉടമകൾക്കിടയിൽ ഹിതപരിശോധന നടത്തുക.

കമ്പനിയുടെ തീരുമാനത്തിനു മിക്ക തലങ്ങളിലും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് എം എസ് ഐ എൽ ചെയർമാൻ ആർ സി ഭാർഗവ വെളിപ്പെടുത്തി. ഈ വിഷയത്തിൽ ചില നടപടിക്രമങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗുജറാത്ത് സർക്കാരിൽ നിന്നുള്ള അനുമതി സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഭാർഗവ അവകാശപ്പെട്ടു. ഗുജറാത്തിലെ നിർദിഷ്ട കാർ നിർമാണശാലയുടെ ഉടമസ്ഥത ഏറ്റെടുക്കാനും നിക്ഷേപം നടത്താനും സംസ്ഥാന സർക്കാർ ഇതുവരെ സുസുക്കി മോട്ടോർ കോർപറേഷന് അനുമതി നൽകിയിട്ടില്ല. തുടക്കത്തിൽ മാരുതി സുസുക്കിയുടെ ഉടമസ്ഥതയിലാണു ഗുജറാത്തിലെ കാർ നിർമാണശാല സ്ഥാപിക്കാനിരുന്നത്; എന്നാൽ പിന്നീട് സുസുക്കിയും മാരുതിയും ശാലയുടെ ഉടമസ്ഥത സംബന്ധിച്ചു നിലപാട് മാറ്റുകയായിരുന്നു.

പക്ഷേ മാരുതി സുസുക്കി ഓഹരി ഉടമകളായ നിക്ഷേപക സ്ഥാപനങ്ങൾ ഈ നിലപാട് മാറ്റത്തെ എതിർത്തതോടെ ഈ വിഷയത്തിൽ ന്യൂനപക്ഷ ഓഹരി ഉടമകളുടെ അഭിപ്രായം ആരായേണ്ട സ്ഥിതിയുമായി. അതേസമയം സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഈ വിഷയത്തിൽ നിക്ഷേപകർക്കായി റോഡ് ഷോ സംഘടിപ്പിക്കുമെന്നും പിന്നാലെ വോട്ടിങ്ങിന്റെ തീയതി പ്രഖ്യാപിക്കുമെന്നുമാണു ഭാർഗവയുടെ നിലപാട്.

ഗുജറാത്ത് ശാലയുടെ ഉടമസ്ഥാവകാശം സുസുക്കിക്കു കൈമാറാനുള്ള സാഹചര്യം സംബന്ധിച്ചു നിക്ഷേപകരെ ബോധവൽക്കരിക്കാനുള്ള റോഡ് ഷോ അടുത്തമാസം നടത്താനാണു മാരുതിയുടെ പദ്ധതി. ഒക്ടോബറിൽ തന്നെ റോഡ് ഷോയ്ക്കു തുടക്കമാവുമെന്നു ഭാർഗവ സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നു നിക്ഷേപകരോടു കാര്യകാരണ സഹിതം വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ നിർദിഷ്ട ശാല സംബന്ധിച്ചും കരാർ നിർമാണത്തെക്കുറിച്ചുമൊക്കെ നിക്ഷേപകർക്കുള്ള സംശയങ്ങൾ കമ്പനി ദൂരീകരിക്കും. ഇതോടെ സാഹചര്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ ചെറുകിട/ന്യൂനപക്ഷ ഓഹരി ഉടമകൾക്കു വോട്ടെടുപ്പിനെ നേരിടാനാവുമെന്നും ഭാർഗവ അവകാശപ്പെട്ടു. ഇതു രണ്ടാം തവണയാണു റോഡ് ഷോ സംഘടിപ്പിച്ചു മാരുതി സുസുക്കി ഓഹരി ഉടമകളിലെത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കൊപ്പം യു എസിലെയും യു കെയിലെയും ഏഷ്യയിലെയും നിക്ഷേപക സ്ഥാപനങ്ങൾക്കായി ഭാർഗവയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.