Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കിയുടെ എൽ സി വി അടുത്ത വർഷം ആദ്യം

maruti-suzuki-lcv representative image

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിന്നുള്ള ലഘു വാണിജ്യ വാഹനം(എൽ സി വി) അടുത്ത വർഷമാദ്യം നിരത്തിലെത്തും. ഇതോടെ ടാറ്റ മോട്ടോഴ്സിനെയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയെയും പോലെ കാറുകളും വാണിജ്യ വാഹനങ്ങളും നിർമിക്കുന്ന കമ്പനിയായ മാരുതി സുസുക്കിയും മാറും. നഗര പ്രദേശങ്ങളിലെ ചരക്കു നീക്കത്തിനുള്ള പ്രധാന ആശ്രയമെന്നതാണ് എൽ സി വി വിപണിയെ ആകർഷകമാക്കുന്നത്. രാജ്യത്തെ നഗരങ്ങളുടെ വളർച്ച ഈ വിഭാഗത്തിനു കൂടുതൽ കരുത്തും പകരുന്നു. 2014 — 15ൽ രാജ്യത്തു വിറ്റത് 3,82,206 എൽ സി വികളാണ്; ഇതാവട്ടെ 2013 — 14ൽ വിറ്റ 432,233 എണ്ണത്തെ അപേക്ഷിച്ച് 11% കുറവുമാണ്. 2014 — 15ൽ 163,419 യൂണിറ്റ് വിൽപ്പനയോടെ ടാറ്റ മോട്ടോഴ്സാണു മുന്നിൽ; 149,520 എണ്ണം വിറ്റ മഹീന്ദ്ര തൊട്ടു പിന്നിലുണ്ട്.

Maruti Suzuki Logo

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസക്കാലത്തെ വിൽപ്പനയിലും ഏഴു ശതമാനത്തോളം ഇടിവാണു രേഖപ്പെടുത്തിയത്. എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി പൂർണമായും മാറാത്തതാണ് എൽ സി വി വിൽപ്പന ഇടിക്കുന്നതന്നും സമ്പദ്വ്യവസ്ഥ കരുത്താർജിക്കുന്നതോടെ ഈ വിഭാഗം ശക്തമായി തിരിച്ചെത്തുമെന്നുമാണു പ്രതീക്ഷ.ടാറ്റയുടെയും മഹീന്ദ്രയുടെയും മോഡലുകൾ വൻജനപ്രീതിയും മികച്ച സ്വീകാര്യതയും നേടിക്കഴിഞ്ഞു എന്നതാവും എൽ സി വി വിഭാഗത്തിലെ അരങ്ങേറ്റത്തിൽ മാരുതി സുസുക്കി നേരിടുന്ന പ്രധാന വെല്ലുവിളി. 2005ൽ നിരത്തിലെത്തിയ ‘എയ്സ്’ ശ്രേണി ഇതുവരെ കൈവരിച്ച മൊത്തം വിൽപ്പന 15 ലക്ഷത്തോളം യൂണിറ്റാണ്. യാത്രാവാഹന വിഭാഗത്തിൽ വൻസ്വാധീനം ചെലുത്തുമ്പോഴും എൽ സി വികളിൽ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കുമുള്ള മേധാവിത്തം തകർക്കുക മാരുതി സുസുക്കിക്ക് എളുപ്പമാവില്ല. കാറുകളെ അപേക്ഷിച്ചു വാണിജ്യ വാഹന വിൽപ്പന ഏറെ വ്യത്യസ്തമാണെന്നതാണു പ്രധാന പ്രശ്നം. എങ്കിലും എൽ സി വി വികസനത്തിന്റെ ചെലവുകൾ താരതമ്യേന കുറവാണെന്നതു മാരുതി സുസുക്കിക്കും ഗുണകരമാവും. വെറും 25 കോടി രൂപ ചെലവിലാണത്രെ മഹീന്ദ്ര ചെറു ട്രക്കായ ‘ജിയൊ’ വികസിപ്പിച്ചത്.

Ace ടാറ്റ എയ്സ്

അരങ്ങേറ്റം അടുത്തെത്തുമ്പോഴും വിലയടക്കം മാരുതി സുസുക്കിയുടെ എൽ സി വിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾക്കു മേൽക്കോയ്മ ഉള്ളതിനാൽ വാഹനവില മത്സരക്ഷമമാവുമെന്നാണു സൂചന. ഇന്ധനക്ഷമതയേറിയ കാറുകളിലൂടെ മാരുതി സുസുക്കി നേടിയ പ്രശസ്തി എൽ സി വി വിപണിയിലും തുണയ്ക്കുമെന്നു മാരുതി സുസുക്കി കരുതുന്നു. ഒപ്പം മാരുതിയുടെ കാറുകൾക്കു പരിപാലന ചെലവ് കുറവാണെന്നതും എൽ സി വി വിഭാഗത്തിൽ ഗുണകരമാവുമെന്നാണു പ്രതീക്ഷ. അതേസമയം പ്രകടനക്ഷമതയിലാവും ഈ എൽ സി വി വേറിട്ടു നിൽക്കുകയെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(എൻജിനീയറിങ്) സി വി രാമൻ വ്യക്തമാക്കുന്നു. മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനുമായി സഹകരിച്ചു രൂപകൽപ്പന ചെയ്ത എൽ സി വിയെ ആഗോളതലത്തിൽ വിൽക്കാനാണത്രെ കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഒറ്റ മോഡലുമായി വിപണിയിലെത്തി ക്രമേണ ശ്രേണി വികസിപ്പിക്കാനാണു മാരുതി സുസുക്കിയുടെ പദ്ധതി.

mahindra maximo മഹീന്ദ്ര മാക്സിമോ

എൽ സി വിക്കായി പ്രത്യേക വിപണന ശൃംഖല വികസിപ്പിക്കാനും മാരുതി സുസുക്കി ഒരുങ്ങുന്നുണ്ട്. ആയിരത്തി ഏഴുനൂറോളം മാരുതി സുസുക്കി ഔട്ട്ലെറ്റുകൾക്കും 80 നെക്സ ഷോറൂമുകൾക്കും 900 ട്രു വാല്യൂ ഡീലർഷിപ്പുകൾക്കും പിന്നാലെ കമ്പനി വികസിപ്പിക്കുന്ന നാലാമത്തെ ശൃംഖലയാവും എൽ സി വികളുടേത്. അടുത്ത മാസത്തിനകം രാജ്യത്തിന്റെ ഉത്തര, പശ്ചിമ, മധ്യ, കിഴക്കൻ മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓരോ എൽ സി വി ഡീലർഷിപ് തുറക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കാർ ഡീലർഷിപ്പിനെ അപേക്ഷിച്ചു ചെറിയ ഷോറൂമുകൾ വഴിയാവും എൽ സി വിയുടെ വിൽപ്പന; കാർ ഷോറൂമിന് 2,500 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ളപ്പോൾ എൽ സി വി ഷോറൂം 1000 — 1500 ചതുരശ്ര അടിയിലൊതുങ്ങും. അതുപോലെ എയർ കണ്ടീഷനിങ് പോലുള്ള അധിക സൗകര്യങ്ങളും എൽ സി വി ഷോറൂമിൽ പ്രതീക്ഷിക്കേണ്ട. എന്നാൽ എല്ലാ ഡീലർഷിപ്പിലും സർവീസ് സൗകര്യം ഉറപ്പാക്കുമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വെളിപ്പെടുത്തുന്നു. ഒപ്പം നെക്സയുടെ കാര്യത്തിലെന്ന പോലെനിലവിലുള്ള മാരുതി സുസുക്കി ഡീലർമാർക്കു തന്നെയാവും എൽ സി വി ഡീലർഷിപ്പുകളും അനുവദിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.