Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ മഴക്കെടുതി: സർവീസ് പാക്കേജുമായി മാരുതി

Maruti Suzuki

പ്രളയക്കെടുതിയിൽ കുടുങ്ങിയ തമിഴ്നാട്ടിലെ വാഹന ഉടമകൾക്ക് സഹായ വാഗ്ദാനവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. തോരാമഴയിൽ കേടുപാടു സംഭവിച്ച വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ സർവീസ് ചെയ്യാൻ പ്രത്യേക പാക്കേജുമായാണു മാരുതി സുസുക്കിയുടെ വരവ്. ഒപ്പം പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പദ്ധതിയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. മഴയും വെള്ളക്കെട്ടും മൂലം മാരുതി സുസുക്കിയുടെ നാലായിരത്തോളം വാഹനങ്ങൾക്ക് അടിയന്തര സർവീസ് വേണ്ടി വരുമെന്നാണു കമ്പനി കണക്കാക്കുന്നത്. ഇതിൽ 25 ശതമാനത്തോളം വാഹനങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നവയാണെന്നാണു മാരുതിയുടെ കണക്ക്. 42% വാഹനങ്ങൾ സീറ്റൊപ്പം വെള്ളത്തിലായിരുന്നവയും ബാക്കിയുള്ളവ ഫ്ളോർ മാറ്റ് നിരപ്പോളം വെള്ളക്കെട്ടിൽ കുടുങ്ങിയവയുമാണ്.

chennai-flood-2

ഇതിൽ പല വാഹനങ്ങൾക്കും സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്നതിനാൽ ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ പകുതി ചെലവ് ഉടമസ്ഥർ സ്വയം വഹിക്കേണ്ടി വരും. ഇൻഷുറൻസ് ഉള്ളവയ്ക്കു പോലും തേയ്മാനത്തിന്റെയും മറ്റും പേരിൽ അറ്റകുറ്റപ്പണി ചെലവ് പൂർണമായും തിരിച്ചുകിട്ടില്ല. ഈ സാഹചര്യത്തിൽ വാഹന അറ്റകുറ്റപ്പണിക്കായി ഉടമകൾ മുടക്കേണ്ട വിഹിതത്തിൽ 50% ഇളവ് അനുവദിക്കാമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം.ഒപ്പം പ്രളയജലത്തിൽ മുങ്ങിക്കിടന്ന വാഹനങ്ങൾ വൃത്തിയാക്കാനും പോളിഷ് ചെയ്യാനുമൊക്കെയുള്ള ചെലവിൽ 50% ഇളവും മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂ വാല്യൂ ഔട്ട്ലെറ്റുകൾ മുഖേനയാണു മാരുതി അറ്റകുറ്റപ്പണിക്കും പുതിയ വാഹനം വാങ്ങാനുമുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുക.

chennai-flood-1

വെള്ളക്കെട്ടും മഴയും മാറിയ സാഹചര്യത്തിൽ നഗരത്തിലെ സർവീസ് സെന്ററുകളിൽ കൂടുതൽ വാഹനങ്ങൾ അറ്റകുറ്റപ്പണിക്ക് എത്തുമെന്നതു പരിഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ്റി അൻപതോളം സാങ്കേതിക വിദഗ്ധരെയും മാരുതി സുസുക്കി ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ പ്രളയബാധിത മേഖലയിലെ വർധിച്ച ആവശ്യം മുൻനിർത്തി രണ്ടു ട്രക്കുകൾ നിറയെ സ്പെയർപാർട്സും മാരുതി സുസുക്കി ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. പോരെങ്കിൽ പ്രളയബാധിതമായ വാഹനങ്ങൾക്കായി രണ്ടു മാസത്തിനു ശേഷം വിപുലമായ പരിശോധനാ ക്യാംപ് സംഘടിപ്പിക്കാനും മാരുതി സുസുക്കി ആലോചിക്കുന്നുണ്ട്. തമിഴ്നാട്ടിൽ 123 ഡീലർ വർക്ഷോപ്പുകളും 91 അംഗീകൃത സർവീസ് സ്റ്റേഷനുകളുമാണു മാരുതി സുസുക്കിക്കുള്ളത്. ചെന്നൈ നഗരത്തിൽ മാത്രം 34 ഡീലർ വർക്ഷോപ്പുകളും 14 അംഗീകൃത വർക്ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ചെന്നൈ നഗരത്തിലെ വർക്ഷോപ്പുകളിൽ 11 എണ്ണം പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു; ഇവ വൃത്തിയാക്കാനും വീണ്ടും പ്രവർത്തനക്ഷമമാക്കാനും ഏറെ അധ്വാനിക്കേണ്ടിവന്നെന്നു മാരുതി സുസുക്കി വെളിപ്പെടുത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.