Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി ‘ബലേനൊ’: ബുക്കിങ് 21,000 പിന്നിട്ടു

Maruti Baleno

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ മാസം അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്ക് ഇതു വരെ ലഭിച്ചത് 21,000 ബുക്കിങ്. ഇതോടെ ഇക്കൊല്ലത്തെ ഉത്സവകാലത്തെ മുൻവർഷത്തെ അപേക്ഷിച്ചു മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി. കഴിഞ്ഞ 10 ദിവസത്തിനിടെ 56,000 പേരാണ് ‘ബലേനൊ’ കാണാൻ ഡീലർഷിപ്പുകളിലെത്തിയതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വെളിപ്പെടുത്തി. ഒപ്പം കാറിനുള്ള ബുക്കിങ് 21,000 യൂണിറ്റിലെത്തുകയും ചെയ്തെന്ന് അദ്ദേഹം അറിയിച്ചു.

Maruti Baleno

പുതിയ വാഹനവും വസ്തുക്കളുമൊക്കെ വാങ്ങാൻ ഏറ്റവും ശുഭകരമെന്നു കരുതുന്ന ധൻ തേരസ് വേളയിൽ 14,000 — 15,000 ‘ബലേനൊ’ കൈമാറാനായെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. ധൻ തേരസിന്റെ ആകർഷണത്തിനൊപ്പം വായ്പകളുടെ പലിശ നിരക്കും ഇന്ധന വിലയുമൊക്കെ താഴ്ന്ന നിലവാരത്തിലായതും കച്ചവടത്തെ സഹായിച്ചിട്ടുണ്ടെന്നു കാൽസി കരുതുന്നു.പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ നേതൃസ്ഥാനത്തിൽ കുറഞ്ഞതൊന്നും മാരുതി സുസുക്കി ലക്ഷ്യമിടുന്നില്ലെന്നു ‘ബലേനൊ’ അവതരണവേളയിൽ കാൽസി വ്യക്തമാക്കിയിരുന്നു. പുതിയ കാറിന്റെ വികസനത്തിനും രൂപകൽപ്പനയ്ക്കും നിർമാണത്തിനുമൊക്കെയായി 1,060 കോടി രൂപയാണു മാരുതി സുസുക്കി നിക്ഷേപിച്ചത്. അടുത്ത വർഷത്തോടെ യൂറോപ്പും ജപ്പാനും ദക്ഷിണ അമേരിക്കയുമടക്കം നൂറോളം രാജ്യങ്ങളിലേക്കു ‘ബലേനൊ’ കയറ്റുമതി ആരംഭിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കാണു ‘ബലേനൊ’; ഡൽഹി ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു കാറിനു വില. ഇന്ത്യയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിന്റെ നിർമാണം മാരുതി സുസുക്കിയുടെ മനേസാർ ശാലയിലാണ്. 1.2 ലീറ്റർ വി വി ടി പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളോടെ ലഭിക്കുന്ന കാറിലെ ട്രാൻസ്മിഷൻ സാധ്യതകൾ അഞ്ചു സ്പീഡ് മാനുവൽ(പെട്രോൾ, ഡീസൽ), സി വി ടി(പെട്രോൾ മാത്രം) ഗീയർബോക്സുകളാണ്. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർ ബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.