ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ ആറാം സ്ഥാനത്ത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പ് നെക്സയിലൂടെ മാത്രം ലഭ്യമാകുന്ന ഹാച്ച്ബാക്കിന്റെ 10,623 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഏകദേശം 22.5 ശതമാനം വളർച്ചയാണ് സെപ്റ്റംബറിൽ ബലേനൊ നേടി. ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ ബലേനോ, നേരത്തെ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന അഭിമാനാർഹ നേട്ടവും കൈവരിച്ചിരുന്നു.
ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യൂണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ ലഭ്യമാണ്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
എൽ ഇ ഡി സഹിതമുള്ള റിയർ കോമ്പിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.