Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിയാസി’നു ഹൈബ്രിഡ് വകഭേദവുമായി മാരുതി സുസുക്കി

Ciaz Smart Hybrid

ഡീസൽ എൻജിനുള്ള പ്രീമിയം സെഡാനായ ‘സിയാസി’ന്റെ സങ്കര ഇന്ധന മോഡലുകൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ചു. ഡൽഹി ഷോറൂമിൽ 8.23 ലക്ഷം മുതൽ 10.17 ലക്ഷം രൂപ വരെയാണു പുതിയ വകഭേദങ്ങൾക്കു വില.

സങ്കരഇന്ധന മോഡലുകൾക്കു ലഭ്യമായ എക്സൈസ് ഡ്യൂട്ടി ഇളവിന് അർഹതയുള്ളതിനാൽ പുതിയ ‘സിയാസി’ന്റെ വിവിധ വകഭേദങ്ങൾ വാങ്ങുന്നവർക്ക് 9,000 മുതൽ 23,500 രൂപ വരെ സബ്സിഡിക്കും അർഹതയുണ്ട്. സാധാരണ കാറുകൾക്ക് 24% എക്സൈസ് ഡ്യൂട്ടി ബാധകമാവുമ്പോൾ സങ്കര ഇന്ധന മോഡലുകൾക്ക് 12.50% മാത്രമാണ് ഡ്യൂട്ടി എന്നതാണു നേട്ടം.

പുതിയ മോഡലുകളുടെ വരവോടെ 8.32 — 10.38 ലക്ഷം രൂപ വിലനിലവാരത്തിൽ ലഭിച്ചിരുന്ന ‘സിയാസ്’ ഡീസലിന്റെ ഉൽപ്പാദനം അവസാനിപ്പിക്കാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്. അതേസമയം പെട്രോൾ എൻജിനുള്ള ‘സിയാസി’ന്റെ ഉൽപ്പാദനവും വിൽപ്പനയും തുടരുമെന്നും കമ്പനി വ്യക്തമാക്കി. ഡൽഹി ഷോറൂമിൽ 7.23 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണു പെട്രോൾ ‘സിയാസി’നു വില. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ എത്തുന്ന ‘സിയാസ് സ്മാർട് ഹൈബ്രിഡി’ൽ ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററും ലഭ്യമാണ്. 1.3 ലീറ്റർ, ഡി ഡി ഐ എസ് 200 ഡീസൽ എൻജിനാണു കാറിനു കരുത്തേകുന്നത്; 4,000 ആർ പി എമ്മിൽ 90 പി എസ് കരുത്തും 1,750 ആർ പി എമ്മിൽ 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുള്ളത്.

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം ഇന്ത്യ) പദ്ധതിയിൽ നിരത്തിലെത്തി സബ്സിഡി നേടുന്ന ആദ്യ കാറെന്ന പെരുമയും ‘സിയാസ് സ്മാർട് ഹൈബ്രിഡി’നു സ്വന്തമാണ്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററി(ഐ എസ് ജി)നും ശേഷിയേറിയ ബാറ്ററിക്കുമൊപ്പം ഓട്ടോ സ്റ്റാർട് — സ്റ്റോപ് ഫംക്ഷനുമടങ്ങിയ മൈൽഡ് ഹൈബ്രിഡ് സംവിധാനമാണു കാറിൽ മാരുതി സുസുക്കി ലഭ്യമാക്കുന്നത്. നിശ്ചലാവസ്ഥയിൽ എൻജിൻ നിർത്തുകയും ക്ലച് അമർത്തിയാലുടൻ എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഓട്ടോ സ്റ്റാർട് — സ്റ്റോപ് ഫംക്ഷന്റെ ഘടന.

ഇതോടൊപ്പം ബ്രേക്കിങ് വേളയിലുണ്ടാവുന്ന ഊർജത്തെ പ്രത്യേകതരം ബാറ്ററിൽ സംഭരിച്ച് ഉപയോഗിക്കുന്ന ബ്രേക്ക് എനർജി റീജനറേഷൻ സിസ്റ്റവും കാറിലുണ്ട്. ആക്സിലറേഷൻ വേളയിലും ഐഡിൽ സ്റ്റോപ് — സ്റ്റാർട് ഘട്ടത്തിലുമാണ് ഈ ബാറ്ററിയിൽ നിന്നുള്ള ഊർജം കാർ പ്രയോജനപ്പെടുത്തുക.

‘സിയാസ് സ്മാർട് ഹൈബ്രിഡി’ന്റെ വരവ് രാജ്യത്തെ സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങൾക്ക് പുത്തൻ ഉണർവേകുമെന്നു മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോ ലീറ്റർ ഡീസലിലും 28.09 കിലോമീറ്റർ ഓടുന്ന ഈ ‘സിയാസ്’ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം വിപണിയിലെത്തിയ പ്രീമിയം സെഡാനായ ‘സിയാസി’ന്റെ ഇതുവരെയുള്ള വിൽപ്പന 60,000 യൂണിറ്റോളമാണ്. സങ്കര ഇന്ധന വകഭേദങ്ങൾ കൂടിയെത്തുന്നതോടെ ‘സിയാസി’ന്റെ വിൽപ്പനയിൽ വൻമുന്നേറ്റമുണ്ടാവുമെന്നാണ് അയുകാവയുടെ പ്രതീക്ഷ.

‘ഫെയിം ഇന്ത്യ’ പദ്ധതി വഴി കേന്ദ്ര സർക്കാരും സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്കു മികച്ച പ്രോത്സാഹനം നൽകുന്നുണ്ട്. മലിനീകരണ വിമുക്തമായ സാങ്കേതികവിദ്യ സ്വന്തമാക്കാനുള്ള ചെലവ് കുറയ്ക്കാനും അതുവഴി ഇതിന്റെ വ്യാപനം വേഗത്തിലാക്കാനും ‘ഫെയിമി’നു കഴിയുമെന്ന് അയുകാവ പ്രത്യാശിച്ചു. ‘ഫെയിം’ പ്രാബല്യത്തിലായതോടെ കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്സിഡി ലഭ്യമാവുന്നുണ്ട്.