Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി എം ഡിയും സി ഇ ഒയുമായി അയുകാവ തുടരും

ft-kenichi കെനിചി അയുകാവ

കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയുടെ സേവന കാലാവധി മൂന്നു വർഷം കൂടി ദീർഘിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ) തീരുമാനിച്ചു. ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റെ ഉപസ്ഥാപനമായ എം എസ് ഐ എല്ലിന്റെ എം ഡിയും സി ഇ ഒയുമായി അയുകാവയ്ക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ പുനഃനിയമനം നൽകാനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിന്റെ തീരുമാനം.

കൂടാതെ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറായി തൊഷിയാകി ഹസുയ്കെയ്ക്കു മൂന്നു വർഷത്തേക്കു കൂടി സേവനകാലാവധി നീട്ടി നൽകാനും യോഗത്തിൽ ധാരണയായി. ഏപ്രിൽ 27 മുതൽ പ്രാബല്യത്തോടെയാണ് ഹസുയ്കെയുടെ പുനഃനിയമനം.

മാരുതി സുസുക്കിയിൽ നിന്നു വിരമിച്ച ഷിൻസൊ നകനിഷിയുടെ പിൻഗാമിയായി 2013 ഏപ്രിൽ ഒന്നിനാണ് അയുകാവ (62) ചുമതലയേറ്റത്. 2012 — 13ൽ എം എസ് ഐ എൽ 11,71,434 കാർ വിറ്റത് 2014 — 15ൽ 12,92,415 ആയി ഉയർത്താൻ അയുകാവയ്ക്കായി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ — ഫെബ്രുവരി കാലത്ത് കമ്പനി 11,80,860 കാർ വിറ്റിട്ടുണ്ട്.

പൂർണമായും ഇന്ത്യൻ എൻജിനീയർമാരുടെ നേതൃത്വത്തിൽ വികസിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യടക്കമുള്ള മോഡലുകൾ എം എസ് ഐ എൽ വിൽപ്പനയ്ക്കെത്തിച്ചതും അയുകാവയുടെ ഭരണകാലത്താണ്. ഇന്ത്യയിൽ നിർമിച്ചു സുസുക്കിയുടെ ജന്മനാട്ടിൽ വിൽപ്പനയ്ക്കെത്തിയ ആദ്യ മോഡലെന്ന പെരുമ പേറുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’, ഇടത്തരം സെഡനായ ‘സിയാസ്’ എന്നിവയുടെ അവതരണത്തിനു ചുക്കാൻ പിടിച്ചതും അദ്ദേഹം തന്നെ.

ജപ്പാനിലെ ഒസാക സർവകലാശാലയിൽ നിന്നു നിയമത്തിൽ ബിരുദം നേടിയ അയുകാവ 1980ലാണ് സുസുക്കി മോട്ടോർ കോർപറേഷനിൽ ചേർന്നത്. ആഭ്യന്തര വിപണിക്കൊപ്പം സുസുക്കിയുടെ വിദേശ സംരംഭങ്ങളിലും വിവിധ തസ്തികകൾ വഹിച്ച അയുകാവ 2004 മേയ് മുതൽ 2008 ജൂൺ വരെ പാക് സുസുക്കി മോട്ടോർ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായിരുന്നു. തുടർന്നു 2008 ജൂലൈ മുതൽ 2013 മാർച്ച് എം എസ് ഐ എല്ലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായി സേവനം അനുഷ്ഠിച്ചു. എം എസ് ഐ എൽ മാനേജിങ് ഡയറക്ടറാവും മുമ്പു സുസുക്കി മോട്ടോർ കോർപറേഷനിൽ ഗ്ലോബൽ മാർക്കറ്റിങ് ചുമതലക്കാരനായ മാനേജിങ് എക്സിക്യൂട്ടീവ് ഓഫിസറും എക്സിക്യൂട്ടീവ് ജനറൽ മാനേജരുമായും അയുകാവ ജോലി ചെയ്തിട്ടുണ്ട്.

Your Rating: