Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഷ്കാരങ്ങളോടെ ‘എർട്ടിഗ’; വില 5.99 ലക്ഷം മുതൽ

Maruti Suzuki launches refreshed Ertiga

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെ പരിഷ്കരിച്ച പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) പുറത്തിറക്കി. വിവിധ വകഭേദങ്ങൾക്ക് 5.99 ലക്ഷം മുതൽ 9.25 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. പെട്രോൾ എൻജിനുള്ള മോഡലുകൾക്ക് 5.99 മുതൽ 8.26 ലക്ഷം രൂപ വരെയും ഡീസൽ എൻജിനുള്ളവയ്ക്ക് 7.55 മുതൽ 9.25 ലക്ഷം രൂപ വരെയുമാണു വില. ഇടത്തരം സെഡാനായ ‘സിയാസി’ലൂടെ അരങ്ങേറ്റം കുറിച്ച സ്മാർട് ഹൈബ്രിഡ്(എസ് എച്ച് വി എസ്) സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് ഡീസൽ ‘എർട്ടിഗ’യുടെ പരിഷ്കരിച്ച പതിപ്പിന്റെ വരവ്.

ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡീസൽ എൻജിനുള്ള ‘എർട്ടിഗ’യുടെ ഇന്ധനക്ഷമത 24.52 കിലോമീറ്ററായി ഉയരുമെന്ന് എം എസ് ഐ എൽ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു; മുൻ മോഡലിനെ അപേക്ഷിച്ച് 18% അധികമാണിത്. പോരെങ്കിൽ ഈ സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലെ ആദ്യ സ്മാർട് ഹൈബ്രിഡ് എം പി വിയായി ‘എർട്ടിഗ’ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഫോഴ്സ് ലിമിറ്ററും പ്രീ ടെൻഷനറുമുള്ള സീറ്റ് ബെൽറ്റ് എന്നിവയൊക്കെ അടിസ്ഥാന മോഡൽ മുതൽ തന്നെ പരിഷ്കരിച്ച ‘എർട്ടിഗ’യിൽ ലഭ്യമാണ്. ടി എഫ് ടി ടച് സ്ക്രീൻ ഡിസ്പ്ലേ, ബ്ലൂ ടൂത്ത്, വോയ്സ് കമാൻഡ്, നാവിഗേഷൻ സംവിധാനം, റിവേഴ്സ് പാർക്കിങ് കാമറ ഡിസ്പ്ലേ എന്നിവയെല്ലാം ചേരുന്ന സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും ഈ ‘എർട്ടിഗ’യിലുണ്ട്. കൂടുതൽ സാധ്യതകൾ സമ്മാനിച്ച് പരിഷ്കരിച്ച ‘എർട്ടിഗ’യുടെ മൂന്നാം നിര സീറ്റ് 50:50 അനുപാതത്തിൽ വിഭജിക്കാനുമാവും. പുഷ് സ്റ്റാർട്ട്/സ്റ്റോപ്, സ്മാർട്ട് കീ, ഇലക്ട്രിക്കൽ ഫോൾഡബ്ൾ ഒ വി ആർ എം എന്നിവയും ഈ എം പി വിയിലുണ്ട്.

മൂന്നു വർഷം മുമ്പ് 2012ൽ വിപണിയിലെത്തിയ ‘എർട്ടിഗ’യുടെ ഇതുവരെയുള്ള വിൽപ്പന 2.25 ലക്ഷം യൂണിറ്റിലേറെയാണ്. എം പി വി വിഭാഗത്തിൽ 20% വിപണി വിഹിതമുള്ള ‘എർട്ടിഗ’ പെട്രോൾ, ഡീസൽ(എസ് എച്ച് വി എസ് — ഹൈബ്രിഡ്), സി എൻ ജി ഇന്ധന സാധ്യതകളിലാണു വിൽപ്പനയ്ക്കുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.