Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി നെക്സ ഷോറൂം അവതരണം 23ന്

Maruti Suzuki Nexa Showroom Maruti Suzuki Nexa Showroom

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ പ്രീമിയം ഡീലർഷിപ് ശൃംഖലായ ‘നെക്സ’ വ്യാഴാഴ്ച അനാവരണം ചെയ്യും. എട്ടു ലക്ഷം രൂപയിലേറെ വില മതിക്കുന്ന മോഡലുകൾ മാത്രമാവും മാരുതി സുസുക്കി ‘നെക്സ’ വഴി വിൽക്കുക; മറ്റു വാഹനങ്ങൾ നിലവിലുള്ള വിപണനശൃംഖല വഴി തന്നെയാവും ലഭ്യമാവുക.

അവതരണവേളയിൽ 30 നെക്സ ഷോറൂമുകളാണു മാരുതി സുസുക്കി പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി പ്രീമിയം വിപണിയുടെ 65 ശതമാനത്തോളം മേഖലകളിലും സാന്നിധ്യം ഉറപ്പാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

പ്രീമിയം വിഭാഗത്തിൽ കമ്പനി നേടുന്ന മൊത്തം വിൽപ്പനയുടെ 75 — 80 ശതമാനവും സംഭാവന ചെയ്യുന്നതു രാജ്യത്തെ 30 നഗരങ്ങളാണെന്നാണു കണക്ക്. നെക്സ ഷോറൂമുകൾ തുടങ്ങുമ്പോൾ സ്വാഭാവികമായും ഇത്തരം നഗരങ്ങൾക്കാവും കമ്പനി പ്രഥമ പരിഗണന നൽകുക. പോരെങ്കിൽ 2020ൽ 25 മോഡലുകൾ അവതരിപ്പിച്ച് പ്രതിവർഷം 20 ലക്ഷം യൂണിറ്റ് എന്ന വിൽപ്പന കൈവരിക്കാനുള്ള ശ്രമങ്ങളിലും ഈ നെക്സ ഷോറൂമുകൾ മികച്ച സംഭാവന നൽകുമെന്ന് മാരുതി സുസുക്കി ഇന്ത്യ കരുതുന്നു.

പുതിയ തലമുറ ഇടപാടുകാർക്ക് തികച്ചും വ്യക്തിഗതമായ സേവനം ഉറപ്പാക്കാനാണു നെക്സ അവതരിപ്പിക്കുന്നതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർന(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കൽസി വിശദീകരിച്ചു. വൈകാതെ വിപണിയിലെത്തുന്ന പ്രീമിയം ക്രോസ്ഓവറായ ‘എസ് ക്രോസി’ന്റെ വിൽപ്പനയോടെയാവും നെക്സ പ്രവർത്തനം ആരംഭിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘എസ് ക്രോസ്’ വിൽപ്പനയോടെ പ്രവർത്തനം ആരംഭിക്കുന്ന നെക്സ ഷോറൂമുകളിൽ അടുത്തു തന്നെ ‘സിയാസ്’ സെഡാനും ഇടം പിടിക്കും. വരും മാസങ്ങളിൽ നിരത്തിലെത്തുമെന്നു കരുതുന്ന, ‘വൈ ആർ എ’ എന്ന കോഡ് നാമമുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പനയും നെക്സ ഡീലർഷിപ്പുകൾ വഴിയാവുമെന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

നെക്സ ഷോറൂം ശൃംഖലയിലേക്ക് നടപ്പു സാമ്പത്തിക വർഷം 2,500 റിലേഷൻഷിപ് മാനേജർമാരെ നിയമിക്കാനും മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. അടുത്ത മാർച്ചോടെ 100 നെക്സ ഡീലർഷിപ്പുകൾ തുറക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും ആർ എസ് കൽസി അറിയിച്ചു. ആദ്യഘട്ടത്തിൽ തുറക്കുന്ന 35 — 40 നെക്സ ഔട്ട്ലെറ്റുകൾക്കായി മാരുതി സുസുക്കി ആയിരത്തോളം റിലേഷൻഷിപ് മാനേജർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുണ്ട്.

മികച്ച സേവനം മോഹിച്ചെത്തുന്ന ഇടപാടുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായി മുമ്പ് ഹോട്ടൽ, വ്യോമഗതാഗതം, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ളവരെയാണു മാരുതി സുസുക്കി നെക്സയിലെ റിലേഷൻഷിപ് മാനേജർ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.