Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി സംഘവും ഗുജറാത്ത് മുഖ്യമന്ത്രിയുമായി ചർച്ച

Maruti Suzuki Logo Representative Image

കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ ഉന്നതതലസംഘം ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി വിജയ് രൂപാനിയെ സന്ദർശിച്ചു ചർച്ച നടത്തി. മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവയുടെയും മാനേജിങ് ഡയറക്ടർ കെനിചി അയുകാവയുടെയും നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മെഹ്സാനയ്ക്കടുത്ത് ഹൻസാൽപൂരിൽ കമ്പനി സ്ഥാപിക്കുന്ന പുതിയ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങളിലെ പുരോഗതിയും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

ഹൻസാൽപൂർ ശാലയിൽ തദ്ദേശവാസികൾക്കു തൊഴിൽ നൽകാൻ നടപടി സ്വീകരിക്കണമെന്നു രൂപാനി മാരുതി സുസുക്കി നേതൃത്വത്തോട് ആവശ്യപ്പെട്ടു. തൊഴിൽ ലഭ്യത ഉറപ്പാക്കാൻ മേഖലയിലെ യുവാക്കൾക്കു പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

ഹൻസാൽപൂരിലെ ആദ്യ അസംബ്ലി ലൈനിന്റെ വാർഷിക ഉൽപാദന ശേഷി 1.50 ലക്ഷം യൂണിറ്റാണ്. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ശാലയുടെ മൊത്തം വാർഷിക ഉൽപാദനശേഷി ഏഴര ലക്ഷം യൂണിറ്റായി ഉയരും. ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷന്റെ (എസ്എംസി) ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്താണു ഹൻസാൽപൂരിൽ പുതിയ വാഹന നിർമാണശാല സ്ഥാപിക്കുന്നത്. മാരുതി സുസുക്കിക്കു വേണ്ടി കാറുകൾ ഉൽപ്പാദിപ്പിച്ചു നൽകാൻ ലക്ഷ്യമിട്ടാണ് എസ്എംസി പുതിയ ഉപസ്ഥാപനം രൂപീകരിച്ചത്.

അടുത്ത വർഷം ആദ്യ പാദത്തോടെ ഹൻസാൽപൂർ ശാല പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാവും ആദ്യഘട്ടത്തിൽ ഇവിടെ ഉൽപാദിപ്പിക്കുക.

Your Rating: