Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിഫ്റ്റ് 50 ലക്ഷം

swift-new

വാഹനവിൽപനയുടെ ചരിത്രത്തിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്തിരിക്കുകയാണു മാരുതി സുസുക്കി തങ്ങളുടെ സ്വിഫ്റ്റ് മോ‍ഡലിലൂടെ. പുറത്തിറങ്ങി ഇന്നു വരെ എല്ലാ മോഡലുകളിലുമായി ആഗോളതലത്തിൽ 50 ലക്ഷം യൂണിറ്റുകളാണു മാരുതി ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. 2004 ൽ വിൽപന ആരംഭിച്ച സ്വിഫ്റ്റ് ഈ നേട്ടം കൈവരിച്ചതു 11 വർഷവും അഞ്ചു മാസവും കൊണ്ടാണ്. ആകെ വിൽപ്പനയുടെ 54 ശതമാനവും ഇന്ത്യൻ വിപണിയിലാണ്. യൂറോപ് (17 ശതമാനം), ജപ്പാൻ (10 ശതമാനം) എന്നിവയാണ് മറ്റു പ്രധാന വിപണികൾ. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ മോഡലുകളിലായി ഇതുവരെ 27 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞിരിക്കുന്നത്.

2004 നവംബറിൽ ആഗോളവിപണിയിൽ വിൽപനയാരംഭിച്ച സ്വിഫ്റ്റ് 2005ലാണ് ഇന്ത്യയിലെത്തുന്നത് . കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളിലൊന്നായ സ്വിഫ്റ്റ് രണ്ടുതവണ കാർ ഓഫ് ദ ഇയർ അവാർഡ് നേടിയിട്ടുണ്ട്. ആദ്യമായി പുറത്തിറങ്ങിയ 2004 ലും ഏറെ മാറ്റങ്ങളോടെ പുതിയ മോഡൽ അവതരിപ്പിച്ച 2011 ലുമാണ് ഈ നേട്ടം സ്വിഫ്റ്റ് കൈവരിച്ചത്. 2014 ഒക്ടോബറിൽ പുറത്തിറക്കിയ ഡീസൽ വകഭേദംപഴയ മോഡലിനെ അപേക്ഷിച്ചു 10 ശതമാനം അധിക ഇന്ധനക്ഷമത നൽകുമ്പോൾ പെട്രോൾ വകഭേദം 9.6 ശതമാനം അധിക ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ് പുറത്തിറക്കി മൂന്നു വർഷങ്ങൾക്കു ശേഷം 2008 ലാണു സ്വിഫ്റ്റ് ഡിസയർ മാരുതി പുറത്തിറക്കിയത്. സെഡാൻ വിഭാഗത്തിൽ മാരുതിക്കു പേരും പെരുമയും നേടിക്കൊടുത്ത ഡിസയർ കഴിഞ്ഞ മൂന്നു വർഷവും ഏറ്റവുമധികം വിൽപ്പന നേടിയ സെഡാനാണ്. സ്പോർട്ടി ലുക്ക് ആൻഡ് സ്റ്റൈൽ, മികച്ച കരുത്ത്, അത്യാധുനിക സൗകര്യങ്ങൾ എന്നിവയ്ക്കു ശ്രദ്ധേയമാണീ മോഡൽ. ലിറ്ററിന് 26.59 കിലോമീറ്റർ ഇന്ധനക്ഷമതയും ഡിസയർ നൽകുന്നു. ജപ്പാൻ, ഹംഗറി, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, തായ്‌ലൻഡ് തുടങ്ങി ഏഴു രാജ്യങ്ങളിലായി നിർമിക്കുന്ന സ്വിഫ്റ്റ് മോഡലുകൾ ആഗോളതലത്തിൽ 140ലേറെ രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു.

Your Rating: