Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരം കടുപ്പിക്കാൻ മാരുതി സുസുക്കി

vitara-brezza-test-drive-9 Vitara Brezza

പുതിയ സാമ്പത്തിക വർഷത്തിലെ വാഹന വിൽപ്പനയിലും തകർപ്പൻ പ്രകടനം ആവർത്തിക്കാനാവുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പ്രതീക്ഷ. മൊത്തം 14,29,248 യൂണിറ്റിന്റെ വിൽപ്പനയോടെ 2015 — 16ൽ കമ്പനി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു; ഇതിൽ 1,23,897 കാറുകളായിരുന്ന കയറ്റുമതി. 2014 — 15ലെ വിൽപ്പനയെ അപേക്ഷിച്ച് 10.6% ആണു വർധന. വിറ്റുവരവിലും കമ്പനി ചരിത്രം തിരുത്തി. 2014 — 15ൽ 48,606 കോടി രൂപ വിറ്റുവരവ് സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2015 — 16ൽ വിറ്റുവരവ് 56,350.40 കോടി രൂപയായി ഉയർത്തിയാണു പുതിയ ചരിത്രം രചിച്ചത്.

Maruti Suzuki Alto K10 Urbano Edition Alto K10

ഇക്കൊല്ലത്തെ വിൽപ്പനയിലും 10 ശതമാനത്തിലേറെ വളർച്ചയാണു മാരുതി സുസുക്കിയുടെ മോഹം. കൂടാതെ 2016 — 17ൽ മൂലധന ചെലവുകൾക്കായി 4,400 കോടി രൂപയും കമ്പനി വകയിരുത്തിയിട്ടുണ്ട്. വിദേശനാണയ വിനിമയ നിരക്ക്, ഉൽപന്ന വിലയിലെ വർധന എന്നിവയ്ക്കൊപ്പം പരിസ്ഥിതി വാദികൾ സൃഷ്ടിച്ച സമ്മർദങ്ങളും വാഹന വ്യവസായത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നാണു മാരുതി സുസുക്കി ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ പുതിയ സാമ്പത്തിക വർഷത്തിനായി നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുക എളുപ്പമാവില്ലെന്നും കമ്പനി ചെയർമാൻ ആർ സി ഭാർഗവ വ്യക്തമാക്കുന്നു. വിദേശ നാണയ വിനിമയ നിരക്കിലെ ആനുകൂല്യമോ ഉൽപന്ന വിലയിലെ ഇടിവോ പഴയതു പോലെ അനുകൂല ഘടകങ്ങളാവുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി. ഉൽപ്പാദനശേഷി ഉയർത്താനും പ്രാദേശിക നിർമിത ഘടങ്ങളുടെ വിഹിതം വർധിക്കാനുമൊക്കെയുള്ള ശ്രമങ്ങൾ ഇക്കൊല്ലവും തുടരാനാണു മാരുതി സുസുക്കിയുടെ തീരുമാനം. പരിസ്ഥിതിവാദികൾ കാർ ഉൽപ്പാദനം കുറയ്ക്കാൻ മാത്രമല്ല, അവസാനിപ്പിക്കാൻ തന്നെ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

swift-new Swift

ഗവേഷണ, വികസന വിഭാഗം ശക്തിപ്പെടുത്താനും വിപണന, വിൽപ്പന മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനുമാണു മാരുതി സുസുക്കി ഇക്കൊല്ലം 4,400 കോടി രൂപ നീക്കിവച്ചിരിക്കുന്നതെന്നു ഭാർഗവ വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 2,500 കോടി രൂപയായിരുന്നു മൂലധന വിഭാഗത്തിൽ കമ്പനി ചെലവഴിച്ചത്. പുതിയ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്ഥലം വാങ്ങാൻ 800 കോടിയോളം രൂപയാണു മാരുതി സുസുക്കി വകയിരുത്തിയിരിക്കുന്നത്. ഗുജറാത്ത് ശാലയിൽ നിന്നുള്ള ഉൽപ്പാദനം മുമ്പ് നിശ്ചയിച്ചതിലും അഞ്ചു മാസം മുമ്പേ ആരംഭിക്കുമെന്നു ഭാർഗവ അറിയിച്ചു. 2017 മേയിൽ ശാലയിൽ നിന്ന് ഉൽപ്പാദനം ആരംഭിക്കാനായിരുന്നു മുൻതീരുമാനം; എന്നാൽ അടുത്ത ജനുവരിയിൽ തന്നെ ശാല പ്രവർത്തനക്ഷമമാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒറ്റ ഷിഫ്റ്റിൽ പ്രവർത്തനം ആരംഭിച്ച് ഗുജറാത്ത് ശാലയിൽ നിന്ന് 2017 മാർച്ചിനകം 10,000 കാർ ഉൽപ്പാദിപ്പിക്കാനാണു കമ്പനിയുടെ നീക്കം. ഒപ്പം ഗുഡ്ഗാവിലെയും മനേസാറിലെയും ശേഷി പരമാവധി വിനിയോഗിച്ച് 2016 — 17ൽ 15.70 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാനും മാരുതി ശ്രമിക്കും. 

Your Rating: