Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിലെ സുസുക്കി കാർ പ്ലാന്റ് ഉദ്ഘാടനം 2017ൽ

Maruti Suzuki Logo

ഗുജറാത്തിൽ സ്ഥാപിക്കുന്ന കാർ നിർമാണശാല അടുത്ത വർഷം പ്രവർത്തനം തുടങ്ങുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ(എസ് എം സി). 18,500 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാല ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ) നെ ഒഴിവാക്കി കമ്പനി നേരിട്ടാണു സ്ഥാപിക്കുന്നതെന്ന പ്രത്യേകയുണ്ട്. അതേസമയം മാരുതി സുസുക്കിക്ക് ആവശ്യമായ വാഹനങ്ങളുടെയും യന്ത്രഘടകങ്ങളുടെയും നിർമാണം തന്നെയാണു ശാല ഏറ്റെടുക്കുക; സുസുക്കിയുടെ പൂർണ ഉടമസ്ഥതയിലുള്ള ശാലയുടെ പ്രധാന വിപണിയും ഇന്ത്യ തന്നെ.  ഗുജറാത്തിലെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനം മുൻനിശ്ചയ പ്രകാരം പുരോഗമിക്കുന്നുണ്ടെന്നും 2017 ശാല പ്രവർത്തനം ആരംഭിക്കുമെന്നും എസ് എം സി ചെയർമാൻ ഒസാമു സുസുക്കി അറിയിച്ചു. ജപ്പാനിലെത്തിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു സുസുക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ 56% ഓഹരികളാണ് എസ് എം സിയുടെ പക്കലുള്ളത്. ഇന്ത്യൻ കാർ വിപണിയിൽ പകുതിയോളമാണ് എം എസ് ഐ എല്ലിന്റെ വിഹിതം. ഇന്ത്യയിലെ ഉപസ്ഥാപനത്തിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയുണ്ടെന്നും സുസുക്കി(86) വ്യക്തമാക്കി. ഇന്ത്യൻ ജനത മാരുതി സുസുക്കിയെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാരുതി സുസുക്കിയുടെ പ്രകടനം നിരന്തരം ഉയർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ധനഭേദമില്ലാതെ വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാവണം നടപടി വേണ്ടതെന്നും സുസുക്കി അഭിപ്രായപ്പെട്ടു. ശേഷിയേറിയ ഡീസൽ എൻജിനുള്ള വാഹനങ്ങൾക്ക് ഡൽഹി ദേശീയ തലസ്ഥാന മേഖലയിലും കേരളത്തിലും ഏർപ്പെടുത്തിയ വിലക്കിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമീപ ഭാവിയിൽ ആഗോള കാൽ വിൽപ്പനയിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്നാണു പ്രതീക്ഷ; 2020ൽ ജപ്പാനെയും ജർമനിയെയും പിന്തള്ളി ആഗോള കാർ വിപണികളിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാവുമെന്നാണു വിലയിരുത്തൽ. ഇതോടെ കാർ വിൽപ്പനയിൽ ചൈനയും യു എസും മാത്രമാവും ഇന്ത്യയ്ക്കു മുന്നിൽ. ഈ സാഹചര്യത്തിൽ കാർ വിൽപ്പനയിലെ വളർച്ചയിലേറെയും ഇന്ത്യ കേന്ദ്രീകരിച്ചാവുമെന്നും സുസുക്കി കണക്കുകൂട്ടുന്നു. ഇതു മുൻനിർത്തിയാണ് ആദ്യഘട്ടത്തിൽ 2.50 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദശേഷിയുള്ള നിർമാണശാല കമ്പനി ഗുജറാത്തിൽ സ്ഥാപിക്കുന്നത്. 2022 ആകുമ്പോൾ സുസുക്കിയുടെ ഇന്ത്യയിൽ കാർ നിർമാണശേഷി പ്രതിവർഷം 20 ലക്ഷം യൂണിറ്റാവുമെന്നാണു പ്രതീക്ഷ; നിലവിൽ 14 ലക്ഷം കാറുകളാണു കമ്പനി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്. ജപ്പാനിലെ ചെറുകാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള എസ് എം സി, ഇന്ത്യയിൽ നിർമിച്ച കാറുകൾ ജന്മനാട്ടിൽ വിറ്റു തുടങ്ങിയിട്ടുണ്ട്. എം എസ് ഐ എൽ നിർമിച്ച പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണു കഴിഞ്ഞ മാർച്ച് മുതൽ ജപ്പാനിൽ വിൽപ്പന തുടങ്ങിയത്. ഇന്ത്യയെക്കുറിച്ചുള്ള മുൻവിധികൾ ഇല്ലാതാക്കാനാണ് മാരുതി സുസുക്കി നിർമിച്ച ‘ബലേനൊ’ ജപ്പാനിൽ വിൽക്കുന്നതെന്നായിരുന്നു അന്ന് ഒസാമു സുസുക്കി പ്രതികരിച്ചത്.
 

Your Rating: