Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയ്ക്കായുള്ള കാത്തിരുപ്പ് കുറയും

vitara-brezza-test-drive-11

വിപണിയിൽ ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തി കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘വിറ്റാര ബ്രേസ’യുടെ ഉൽപ്പാദനം ഉയർത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) തീരുമാനിച്ചു. ജൂലൈ മുതൽ പ്രതിമാസം 10,000 ‘വിറ്റാര ബ്രേസ’ ഉൽപ്പാദിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്. മാർച്ചിൽ അരങ്ങേറ്റം കുറിച്ച ‘വിറ്റാര ബ്രേസ’യുടെ ഉൽപ്പാദനത്തിൽ ഇതു രണ്ടാം തവണയാണു മാരുതി സുസുക്കി വർധന നടപ്പാക്കുന്നത്.

ആദ്യ വർഷം 80,000 ‘വിറ്റാര ബ്രേസ’ നിർമിക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ ഓട്ടോ എക്സ്പോയിൽ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ വാർഷിക ഉൽപ്പാദനം മാരുതി സുസുക്കി ഒരു ലക്ഷം യൂണിറ്റാക്കി പുതുക്കി നിശ്ചയിച്ചു. എന്നാൽ അനുകൂല സാഹചര്യം പൂർണമായും മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ ജൂലൈ മുതൽ ‘വിറ്റാര ബ്രേസ’ ഉൽപ്പാദനം വീണ്ടും ഉയർത്താനാണു മാരുതിയുടെ തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങളിലായി 20,588 ‘വിറ്റാര ബ്രേസ’യാണു കമ്പനി വിറ്റത്; ഒപ്പം 52,000 പേർ വാഹനം ബുക്ക് ചെയ്തു കാത്തിരിക്കുന്നുമുണ്ട്. ഹരിയാനയിലെ മനേസാറിലും ഗുഡ്ഗാവിലുമുള്ള മാരുതി സുസുക്കി നിർമാണശാലകൾ സ്ഥാപിത ശേഷിയുടെ 100 ശതമാനവും വിനിയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കുമുള്ള വർധിച്ച ആവശ്യം ഫലപ്രദമായി നിറവേറ്റണമെങ്കിൽ മാരുതി സുസുക്കിക്ക് അടുത്ത വർഷം ആദ്യത്തോടെ ഗുജറാത്തിലെ പുതിയ ശാല പ്രവർത്തനക്ഷമമാവേണ്ടി വരും.

Maruti Suzuki Vitara Brezza | Test Drive | Interior & Exterior Features Review | Manorama Online

അതുവരെ നിലവിലുള്ള അസംബ്ലി ലൈനുകളിലെ തടസസാധ്യതകളെല്ലാം പൂർണമായും ഒഴിവാക്കി കഴിയുന്നത്ര വാഹനങ്ങൾ നിർമിക്കാനാണു മാരുതി സുസുക്കിയുടെ ശ്രമം. വിപണിയുടെ ആവശ്യത്തിനൊത്ത് വിവിധ മോഡലുകളുടെ ഉൽപ്പാദനം അതിവേഗം പുനഃക്രമീകരിക്കാനും കമ്പനി നടപടി സ്വീകരിച്ചിക്കുന്നുണ്ട്. അതേസമയം വിവിധ മോഡലുകളുടെ ഉൽപ്പാദനം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ മാരുതി സുസുക്കി സന്നദ്ധമായിട്ടില്ല എങ്കിലും മേയ് വരെയുള്ള മൂന്നു മാസത്തിനിടെ ‘ഓൾട്ടോ’, ‘സ്വിഫ്റ്റ്’, ‘സ്വിഫ്റ്റ് ഡിസയർ’ തുടങ്ങിയവയുടെ വിൽപ്പനയിൽ ഇടിവു നേരിടുന്നതായാണു കണക്കുകൾ നൽകുന്ന സൂചന.

Your Rating: